കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന മാംസ മാർക്കറ്റിനു സമീപം സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നതായി പരാതി.
ഹോട്ടലുകളിൽ നിന്നുള്ളതും മാംസാവശിഷ്ടങ്ങളും ഇത്തരത്തിൽ ഉപേക്ഷിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുമൂലം പ്രദേശവാസികളും വ്യാപാരികളും കാൽനടയാത്രക്കാരുമെല്ലാം ദുരിതത്തിലാണ്.
അറവുമാടുകളെ മാർക്കറ്റ് റോഡിന്റെ വശങ്ങളിൽ കെട്ടുന്നതിനാൽ മലിനജലം പെരുവ-കടുത്തുരുത്തി റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുമൂലം സാക്രമിക രോഗഭീഷണിയുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
പെരുവ മാർക്കറ്റിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കാര്യക്ഷമമാക്കണമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ്. ഈ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി മുളക്കുളം പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
സമിതി പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. സമിതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ജോണ് ശാസ്താങ്കൽ, തോമസ് പെരുവ, സന്തോഷ് പി.മാണി, കുര്യൻ കാവാട്ടുകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.