വീട്ടുമുറ്റത്ത് 16 അടി ഉയരത്തില്‍ വളര്‍ന്ന പച്ചമുളകു ചെടി അത്ഭുതക്കാഴ്ചയും കൗതുകവുമായി. കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന് പുറത്ത് ജയിംസ് ഏബ്രഹാമിന്റെ മുറ്റത്തു വളര്‍ന്ന പച്ചമുളക് ചെടിയാണ് പ്രദേശവാസികളെയും കാര്‍ഷിക ശാസ്ത്രജ്ഞരെയുമെല്ലാം അത്ഭുതപ്പെടുത്തി നാമ്പുയര്‍ത്തി നില്‍ക്കുന്നത്.
കഴിഞ്ഞ ജൂണില്‍ മല്ലപ്പള്ളി ചന്തയിലെ പച്ചക്കറിത്തൈ വില്പനക്കാരനില്നിന്ന് വാങ്ങിയ തൈകള്‍ക്കൊപ്പമാണ് ഇതും ലഭിച്ചത്.
കാഴ്ചയില്‍ പ്രത്യേകതകളൊന്നും തോന്നാത്തതിനാല്‍ മറ്റു തൈകള്‍ക്കൊപ്പം വീടിന് സമീപം നട്ടു. സാധാരണ പരിചരണവും നല്കി.
ഒരു ചെടിക്ക് മാത്രം അസാധാരണ വളര്‍ച്ച കണ്ടതോടെ ജയിംസിന് കൗതുകമായി. വീടിന്റെ ബീമില്‍ വലിച്ചു കെട്ടിയും വലിയ താങ്ങുകാല് ഉപയോഗിച്ച് ഊന്നുകൊടുത്തും ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു.
വളര്‍ച്ച പോലെ ഉത്പാദനത്തിലും ചെടി ഉയര്‍ന്നു തന്നെ നില്ക്കുന്നു. കല്ലൂപ്പാറ കൃഷി ഓഫീസര്‍ എ. പ്രവീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമടക്കം നിരവധിപേര്‍ ചെടി കാണാനെത്തി.