കോട്ടയം: വീട്ടമ്മയ്ക്കു നേരേ അജ്ഞാത സംഘത്തിന്റെ മുളകുപൊടി ആക്രമണം നടന്ന സംഭവത്തിൽ അവ്യക്തതയും ദുരൂഹതയും.
ഇതിനു മുന്പും ഈ വീട്ടമ്മയ്ക്കെതിരേ സമാന ആക്രമണം ഉണ്ടായെന്നാണ് പരാതി. അതേസമയം, വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താൻ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്.
കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്നലെയുമാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. കോട്ടയം കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയെ ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേക്കും ശരീരത്തിലേക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി പരാതിപ്പെട്ടിരിക്കുന്നത്.
കൊല്ലാട് കളങ്കുന്നേൽ അലക്സ് തോമസിന്റെ ഭാര്യ സവിത അലക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.30നു കൊല്ലാട് ഷാപ്പുംപടിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.
വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തു കൂടി ഇവർ മാലിന്യങ്ങൾ കളയുന്നതിനായി പുറത്തിറങ്ങിയതായിരുന്നു.
ഈ സമയം തന്റെ തലയിൽ ഷോളിനു സമാനമായ തുണി പുതപ്പിച്ചശേഷം നാലംഗ അക്രമി സംഘം മുളക് പൊടിയും അരിപ്പൊടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്നു വീട്ടമ്മ പോലീസിനു മൊഴി നൽകി. ഇവരുടെ ഭർത്താവും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ഭാര്യയുടെ ബഹളം കേട്ട് ഭർത്താവ് അലക്സ് ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നതായി വീട്ടമ്മയും ഭർത്താവും പറയുന്നു.
അക്രമി സംഘത്തിൽ നാലു പേരുണ്ടായിരുന്നതായും ഒരാൾ പെണ്വേഷം കെട്ടിയിരുന്നതായും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു.
പ്രതികൾ മുളകുപൊടി പൊതിഞ്ഞുകൊണ്ടു വന്നതായി സംശയിക്കുന്ന പത്രക്കടലാസും സംഭവ സ്ഥലത്തുനിന്നും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് അക്രമം ഉണ്ടായ സമയത്ത് വീട്ടിലെ സിസിടിവി കാമറകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. വീട്ടമ്മ പറഞ്ഞതുപോലെയുള്ള സാഹചര്യങ്ങൾ കാണുന്നില്ലെന്നും പോലീസ് സൂചന നൽകി.
ഈ സാഹചര്യത്തിൽ സംഭവം സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജോ പി. ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.