കുന്നംകുളം: മുളകു പൊടിയെറിഞ്ഞ് ലോട്ടറി കച്ചവടക്കാരന്റെ പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമം. കുന്നംകുളം പാറേന്പാടം പാറപ്പുറത്ത് താമസിക്കുന്ന കല്ലായി വീട്ടിൽ ബാലനിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം ബാഗ് കവരാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
രാവിലെ ലോട്ടറിയുമായി ബാലൻ കച്ചവടത്തിന് ഇറങ്ങുന്നത് പതിവാണ്. വീട്ടിൽ നിന്ന് പാറേന്പാടം ബസ് സ്റ്റോപ്പ് ജംഗ്ഷനിലേക്ക് വരുന്നതിനിടയിലായിരുന്നു കവർച്ചാ ശ്രമം നടന്നത്. ബഹളം വെച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ട് നീണ്ടൂരിലേക്കുള്ള വഴി ചോദിച്ച് ബൈക്കിൽ രണ്ട് യുവാക്കൾ ഈ ലോട്ടറി കച്ചവടക്കാരനെ സമീപിച്ചിരുന്നു. അവർ തന്നെയാണോ കവർച്ച ചെയ്യാൻ എത്തിയതെന്നും ബാലൻ സംശയിക്കുന്നു. കുന്നംകുളം പോലീസിൽ പരാതി നൽകി.