മൂവാറ്റുപുഴ: പട്ടാപകല്‍ സ്ക്കൂട്ടറില്‍ പോവുകയായിരുന്ന ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി വിതറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിൽ ദുരൂഹത. വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിലെ മാനേജര്‍ ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥിന്റെ മുഖത്താണ് മുളകുപൊടി വിതറി ബൈക്കില്‍ എത്തിയ സംഘം മോഷ്ടിച്ചത്.
എന്നാൽ സംഭവത്തിൽ രാഹുലിന്റെ പരസ്പര വിരുദ്ധ സംസാരത്തിൽ ദുരുഥതകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയപ്പോളാണ് ദുരുഹതകൾ ഏറിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രാഹുലിന്റെ കൈവശമുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. കച്ചേരിത്താഴത്തെ മറ്റൊരു ബാങ്കില്‍ നിന്നും ഏറ്റെടുത്ത സ്വര്‍ണവുമായി ബാങ്കിലേക്ക് പോകുന്നതിനിടയിലാണ് ഹെല്‍മെറ്റ് ധാരികളായ രണ്ടംഗ സംഘം രാഹുലിനെ ആക്രമിച്ച് മോഷണം നടത്തുകയായിരുന്നവെന്നാണ് രാഹുൽ പോലീസിനോട് പറഞ്ഞത്.
സ്കൂട്ടറില്‍ പോവുകയായിരുന്ന രാഹുലിനെ പിന്നാലെയെത്തിയ സംഘം തൃക്ക അമ്പലത്തിന് സമീപം തടഞ്ഞ് നിര്‍ത്തി കണ്ണില്‍ മുളക്പൊടി വിതറി സ്വര്‍ണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ബാങ്കിലെ ആവശ്യത്തിനായി ചില്ലറപ്പണം ശേഖരിക്കുന്നതിനായി തൃക്ക ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ തന്നെ മറികടന്ന് പോയ രണ്ടംഗ സംഘം തിരികെയെത്തി മുഖത്ത് മുളക്പൊടി വിതറി ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.