ചാവക്കാട്: കടയുടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു കവർച്ചയ്ക്കു ശ്രമിച്ച കമിതാക്കളെ കടയുടമയും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ വട്ടപ്പറന്പിൽ സൗരവ് (18), കാമുകി എറണാകുളം ചേരാനെല്ലൂർ ഇടയകുന്ന് നികത്തിൽ ശ്രീക്കുട്ടി (18) എന്നിവരെയാണു ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറക്കൽ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാർഡ് വെയർ സ്ഥാപനത്തിലാണു നാടകീയമായ കവർച്ചാശ്രമം അരങ്ങേറിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്: രാവിലെ 10.45ന് സൗരവും ശ്രീക്കുട്ടിയും കടയിലെത്തുന്പോൾ സാധനങ്ങൾ വാങ്ങാനെത്തിയവർ കടയിലുണ്ടായിരുന്നു. മറ്റുള്ളവർ പോകുന്നതു വരെ രണ്ടുപേരും സാധനങ്ങളുടെ വിലയും മറ്റും ചോദിച്ചുനിന്നു. വയറിംഗ് ആവശ്യത്തിനുള്ള എക്സ്റ്റൻഷൻ ആവശ്യപ്പെട്ടപ്പോൾ പല വിലയിലുള്ളതുണ്ടെന്നറിയിട്ടു. തുടർന്ന് 500 രൂപയുടെ മതിയെന്നു സൗരവ് പറഞ്ഞു. എന്നാൽ തന്റെ പക്കൽ 2000 രൂപയുടെ നോട്ടാണ് ഉള്ളതെന്നും ചില്ലറ മടക്കിനൽകണമെന്നും സൗരവ് ഹംസയോട് ആവശ്യപ്പെട്ടു. നോട്ടെടുത്തിട്ട ു വരാമെന്നു പറഞ്ഞ് കടയ്ക്കുപുറത്തു നിർത്തിയിരുന്ന ബൈക്കിനടുത്തേക്കു രണ്ടുപേരും പോയി.
ബൈക്ക് സ്റ്റാർട്ട് ചെയ്തുനിർത്തി തിരിച്ചുവന്ന സൗരവ് തന്റെ കൈവശമുണ്ടായിരുന്ന മുളകുപോടിയുടെ പൊതി തുറന്നു ഹംസയുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. ഈ തക്കത്തിന് ഹംസയുടെ കീശയിൽനിനും കാഷ് കൗണ്ടറിൽനിന്നും പണമെടുക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ ഹംസ ഒച്ചവയ്ക്കുകയും സൗരവിന്റെ കഴുത്തിൽ മുറുകെ പിടിക്കുകയും ചെയ്തപ്പോൾ മോഷണശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടാനായി ഇവരുടെ നീക്കം. കുതറി ഓടാൻ ശ്രമിക്കുന്നതിനിടെ സൗരവിന്റെ ദേഹത്തിടിച്ചു ശ്രീക്കുട്ടി നിലത്തുവീണു. നിലത്തുവീണ ശ്രീക്കുട്ടിയുടെ മുടിക്കെട്ടിൽ ഹംസ പിടിച്ചു.
ഹംസയുടെ മുടിക്കെട്ടിൽനിന്നു ശ്രീക്കുട്ടിയെ വിടുവിക്കാനുള്ള ശ്രമം സൗരവ് നടത്തിയെങ്കിലും വിജയിച്ചില്ല. പിടിവലിക്കിടെ ഇരുവരുമായി ഹംസ കടയ്ക്കു പുറത്തേക്ക് കടന്നു. ഇതിനിടെ ബഹളം കേട്ട് റോഡിലൂടെ വാഹനത്തിൽ പോയിരുന്നവരും നാട്ടുകാരും കടയിലേക്കു ചെന്ന് ഇരുവരെയും പിടികൂടാൻ ഹംസയെ സഹായിച്ചു.
തുടർന്ന് പോലിസിനെ വിളിച്ചുവരുത്തി ഇരുവരെയും കൈമാറി. ചാവക്കാട് എസ്ഐ എം.കെ. രമേഷ്, എഎസ്ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ ു പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സൗരവിനെ ചാവക്കാട് സബ്ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശൂർ വനിതാ ജയിലിലേക്കും മാറ്റി.