നേമം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെരണ്ടു കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ്ചെയ്തു. നേമം എസ്റ്റേറ്റ് വാർഡിൽ കോലിയക്കോട് പുല്ലുവിള വീട്ടിൽ ഷിബു (മുളക്പൊടി ഷിബു -43) നെയാണ് തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പോലീസ് അറസ്റ്റ് ചെയ്തത്.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൂഴികുന്നു ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഓട്ടോ ഓടിച്ചു വരികയായിരുന്ന ഇയാളെ പിടികൂടിയത്.
2013ല്‍ കരമന പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാളും സംഘവും ചേര്‍ന്ന് സുനാമി സതിഎന്നയാളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, വിഴിഞ്ഞം കോട്ടുകാല്‍ ഭാഗത്ത് വച്ചു മുളകുപൊടി എറിഞ്ഞു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്, കഞ്ചാവ് കച്ചവടം, അബ്കാരി കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷിബു.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, നേമം എസ്എച്ച്ഓ രഗീഷ് കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, എഎസ്ഐ പദ്മകുമാര്‍, സിപിഓമാരായ ബിനു, സാജന്, ചന്ദ്രസേനന്, ദീപക് എന്നിവരും സ്പെഷല്‍ ടീം അംഗങ്ങളും അടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.