കോട്ടയം: കൊടുംചൂടില്‍ വിയര്‍ക്കുമ്പോള്‍ മീനച്ചിലാറിന്റെ തീരം ചേര്‍ന്നുള്ള മുളങ്കാട്ടിലേക്കു കടന്നാല്‍ വലിയൊരു ആശ്വാസമാണ്. ഇവിടെ ഇരുന്നാല്‍ മുളകളുടെ സംഗീതം ആസ്വദിക്കാം, ശുദ്ധവായു ശ്വസിക്കാം, വശ്യമായ കാഴ്ചകള്‍ കാണാം, മനസ് ശാന്തമാക്കാം. പാലാ പാറപ്പള്ളി മൂക്കന്‍തോട്ടത്തില്‍ ജോയി ജോസഫാണ് പല തരം മുളകള്‍ തിങ്ങിവളരുന്ന പ്രകൃതിവനം വളര്‍ത്തിയിരിക്കുന്നത്.
മീനച്ചില്‍ ബാംബു ഓക്സിജന്‍ പാര്‍ക്ക് എന്ന മുളങ്കാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇവിടത്തെ വശ്യമായ കാഴ്ച കാണാനെത്തുന്നവരോടൊക്കെ ജോയി മുളകളുടെ പ്രാധാന്യവും വിശേഷവും പറഞ്ഞുതരും.
കഴിഞ്ഞ കോവിഡ് കാലത്താണ് ജോയിക്ക് മുളയില്‍ കമ്പം കയറിയത്. കിസാന്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ജിഒയില്‍ അംഗമായ ജോയി അവിടെ ലഭിച്ചതും വായിച്ചറിഞ്ഞതുമൊക്കെ കേട്ട് വയനാട് ഉറവില്‍നിന്നും 100 രൂപ നിരക്കില്‍ ഏഴുനൂറ് മുളംതൈകള്‍ വാങ്ങി. മീനച്ചിലാറിന്റെ തീരത്തെ രണ്ടരയേക്കര്‍ റബര്‍ മരങ്ങള്‍ വെട്ടി അവിടെ നിരനിരയായി മുള നട്ടു. നട്ട് ഒരുമാസം തികഞ്ഞില്ല, പ്രളയത്തിൽ മുളന്തോട്ടത്തിലേക്ക് വെള്ളം ഇരച്ചു കയറി.
മൂടി വെള്ളമെത്തിയെങ്കിലും തൈകള്‍ക്കൊന്നും സംഭവിച്ചില്ല. വെള്ളപ്പൊക്കത്തെ അതിജീവിക്കാനും മണ്ണു സംരക്ഷിക്കാനും മുളയ്ക്ക് കഴിയുമെന്നത് ജോയിക്ക് ഒരു അറിവനുഭവമായിരുന്നു.രണ്ടാം വര്‍ഷം മുളങ്കാട് പന്തലിച്ചു പച്ച പുതച്ച ഒരു തോട്ടം പോലെയായി. കാര്ബണ്ഡയോക്സൈഡിനെ വലിയ തോതില്‍ വലിച്ചെടുത്ത് ഓക്സിജനെ പുറത്തുവിടാനുള്ള മുളയുടെ കഴിവ് അറിഞ്ഞാണ് ജോയി ഇതിന് മീനച്ചില്‍ ബാംബു ഓക്സിജന്‍ പാര്‍ക്ക് എന്നു പേരിട്ടത്.
തേക്കിന് തൈകള്‍ വച്ച തോട്ടത്തിന്റെ അതിരിലും മുളങ്കാടുകള്‍ നട്ടുപിടിപ്പിച്ചു. 1200 മുളയിനങ്ങളില് വേഗം വളരുന്നതും കൂടുതല്‍ നിലനില്ക്കുന്നതും മികച്ച ആദായം തരുന്നതുമായ നൂതന്, ആസ്പര്‍, ടൂള്‍ഡ, ബാല്‍ക്കോവ എന്നീ ഇനങ്ങളാണുള്ളത്. ആറു വര്‍ഷം കഴിയുമ്പോള്‍ മുളയില്‍നിന്ന് ആദായം ലഭിച്ചു തുടങ്ങും.
മുളയുടെ ശരാശരി ആയുസ് 50 വര്‍ഷമാണ്. ഒരേക്കറില്‍ ആയിരം മുള നടാമെന്നും വര്‍ഷം 40 ടണ്‍ വിളവു ലഭിക്കുമെന്നും ജോയി പറയുന്നു. പലകയായും തറയില്‍ പാകുന്ന ടൈല്സായും ബില്‍ഡിംഗ് ബ്ലോക്കായും ഫര്‍ണീച്ചറിനും മുള ഉപയോഗിക്കാമെന്ന് ജോയി പറയുന്നു.
ഒഴിവുനേരങ്ങളെ സന്തോഷഭരിതമാക്കാന് ഇന്ന് ധാരാളം പേരാണ് ഇവിടെയെത്തുന്നത്. ഇരിപ്പിടമായി മുള ഉപയോഗിച്ചുള്ള ചെറിയ ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ജോയിയുടെ മകന് ജോപ്രകാശിന്റെ വിവാഹ സല്‍ക്കാരം ഇവിടെയാണ് നടത്തിയത്. ഇതോടെ നിരവധി പേര് ചെറിയ പ്രോഗ്രാമുകള്‍ക്കും സെമിനാറുകള്‍ക്കും മറ്റുമായി മുളങ്കാട് ചോദിച്ചുതുടങ്ങി. മുള ഹട്ടുകള്‍ നിര്‍മിച്ചു കൂടുതല്‍ വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ജോയി.
പാലാ-പൊന്‍കുന്നം റോഡില്‍ മുരിക്കുംപുഴയില്‍ നിന്നും പാറപ്പള്ളിക്കുള്ള റോഡില്‍ രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാര്‍ക്കിലെത്താം. ഭരണങ്ങാനത്തു നിന്നും തറപ്പേല്‍ കടവ് പാലം കടന്ന് വലത്തോട്ട് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാലും എത്താം.
- ജിബിന്‍ കുര്യന്