സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: പ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ ദുരിതനിവാരണപദ്ധതിയുമായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്. ജില്ലയിൽ ദുരിതനിവാരണപദ്ധതി നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്തെന്ന ബഹുമതിയും ഇനി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സ്വന്തം.
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും പ്രളയവുമെല്ലാം തുടർക്കഥയാകുന്പോഴാണ് അതിനെ പ്രതിരോധിക്കാൻ പ്രാദേശിക ദുരിത നിവാരണപദ്ധതിക്ക് ഉൗന്നൽ നൽകി പഞ്ചായത്ത് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നിയുടെ നേതൃത്വത്തിലാണ് ദുരിതനിവാരണപദ്ധതി നടപ്പാക്കുന്നത്.
കിലയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച് എന്നീ പ്രകൃതി ദുരന്തങ്ങൾ എങ്ങിനെ ഗ്രാമപഞ്ചായത്തുകൾക്ക് തരണം ചെയ്യാൻ എന്നതിനെക്കുറിച്ച് പദ്ധതിയിൽ കർമപരിപാടികളുണ്ട്.
ദുരിതപ്രതിരോധ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ എങ്ങിനെ നടപ്പാക്കാമെന്നതും പരിപാടിയിൽ വിശദമാക്കും. ഇതിനു വേണ്ടി പരിശീലനം ലഭിച്ച ലോക്കൽ റിസോഴ്സ് ഗ്രൂപ്പിന്റെ സഹകരണവുമുണ്ടെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ രണ്ടു ഗ്രാമപഞ്ചായത്തുകളാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി വി.എസ്.സുനിൽകുമാർ, സത്യൻ മോകേരി, കില ഡയറകടർ ഡോ.ഇളമണ്‍, വി.വി .സുധാകരൻ, എൽസ ജോർജ് എന്നിവർ പങ്കെടുത്തു.