മുളന്തുരുത്തിയില്‍ ട്രെയിന്‍തട്ടി ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചത്, വിവാഹം ഉറപ്പിക്കാനിരുന്ന മകള്‍ കാമുകനൊപ്പം പോയതില്‍ മനംനൊന്താണെന്ന് പോലീസ്.വെള്ളൂര്‍ ഇറുമ്പയം ഞാറ്റിയില്‍ സച്ചിദാനന്ദന് (52), ഭാര്യ സുജാത(50), ഇളയമകള്‍ ശ്രീലക്ഷ്മി (20) എന്നിവരാണു ശനിയാഴ്ച രാത്രി 10ന് എറണാകുളം മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനു സമീപം ജീവനൊടുക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇറുമ്പയത്തും ഇവര്‍ നേരത്തെ താമസിച്ചിരുന്ന ഉദയംപേരൂര്‍ ആമേടയ്ക്കു സമീപമുള്ള വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹങ്ങള്‍ വൈകിട്ട് തൃപ്പൂണിത്തുറ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു.
സച്ചിദാനന്ദന് ബന്ധുവായ ടി.എം. വേണുഗോപാലിനെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു ബന്ധുക്കള്‍ പറയുന്നതിങ്ങനെ: കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന മൂത്തമകളുടെ വിവാഹ നിശ്ചയം ഗള്‍ഫില്‍ ജോലിചെയ്യുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയുമായി 30നു നടത്താനിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇറുമ്പയത്ത് ഇവരുടെ വീടിനു സമീപമുള്ള ഒരു യുവാവുമായി അടുപ്പത്തിലായിരുന്ന മകള്‍ വിവാഹത്തെ എതിര്‍ത്തു.
ഇവരുടെ കാമുകന്റെ മൊബൈലില്‍നിന്നു വിവാഹമുറപ്പിച്ച വരനും സുഹൃത്തിനും ശനിയാഴ്ച അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇതുസംബന്ധിച്ച് ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ശനിയാഴ്ച വൈകുന്നേരം യുവതിയും അച്ഛനും അമ്മയും തമ്മില്‍ ഇതേച്ചൊല്ലി വീട്ടിലും വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവതി വീടു വിട്ട് ഇറങ്ങിപ്പോയി. വിവാഹനിശ്ചയം മുടങ്ങുമെന്നായതോടെ മൂന്നംഗ കുടുംബം വീട്ടില്‍നിന്ന് രാത്രി എട്ടോടെ ബൈക്കില്‍ പുറത്തേക്കുപോയി. പിന്നീടു മൂവരും മരിച്ചതായാണു നാട്ടുകാര്‍ അറിയുന്നത്. അതേസമയം, അശ്ലീല സന്ദേശങ്ങള്‍ അയച്ച കാമുകനെതിരേ പോലീസ് കേസെടുത്തേ്ക്കും.