വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) മുൻ ഡയറക്ടർ റോബർട്ട് മ്യൂളർ അന്വേഷിക്കും. പൊതുജനതാത്പര്യം കണക്കിലെടുത്താണ് മുൻ എഫ്ബിഐ തലവന്‍ അന്വേഷണ ചുമതല നൽകിയതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീൻ പറഞ്ഞു. മ്യൂളറുടെ നിയമനത്തെ ഇരുവിഭാഗം രാഷ്ട്രീയ നേതാക്കളും അംഗീകരിച്ചു.
അന്വേഷണ ചുമതലയുണ്ടായിരുന്ന എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയ സാഹചര്യത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം ഡെമോക്രാറ്റുകൾ ഉയർന്നിരുന്നു. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്നും റഷ്യയും ട്രംപിൻറെ പ്രചാരണടീമും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ശക്തമായ ഘട്ടത്തിലായിരുന്നു ആവശ്യം. ഇക്കാര്യം ജനപ്രതിനിധി സഭയുടെ കമ്മിറ്റിയും സെനറ്റ് കമ്മിറ്റിയും ജസ്റ്റീസ് ഡിപ്പാർട്ട്മെൻറും പരിഗണിച്ചിരുന്നു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ യാതൊരു തരത്തിലുള്ള ഗൂഢാലോചനയും നടത്തിട്ടില്ലെന്ന് അന്വേഷണം തെളിയിക്കുമെന്നും മ്യൂളറുടെ നിയമനത്തിന് ശേഷം പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാൻ യോഗ്യനായ വ്യക്തി മ്യൂളറാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക്ക് സ്കൂമെർ പറഞ്ഞു.