മുവാറ്റുപുഴ: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ മുളവൂർ കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. മുളവൂർ ഹെൽത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പായിപ്ര പിഎച്ച്സിക്കു കീഴിലുള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ ഒഴിവ് നികത്താത്തതാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്.
സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുളവൂർ പ്രദേശത്ത് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമടക്കം സർക്കാർ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തേണ്ട സെന്ററിൽ ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്തിലെ നാലും മുതൽ എട്ടുവരെയുള്ള വാർഡുകളിലെ സാധാരണക്കാരായ നൂറുകണക്കിനു ജനങ്ങളാണ് കുടുംബക്ഷേമ കേന്ദ്രത്തം ആശ്രയിക്കുന്നത്.
മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കലും വ്യാഴാഴ്ചകളിൽ ജീവിത ശൈലി നിർണയ ക്ലിനിക്കിന്റെ പ്രവർത്തനവുമാണ് പായിപ്ര പിഎച്ച്സിയിൽ നിന്നുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ നടക്കുന്നത്. ഗർഭകാല സംരക്ഷണം, വിളർച്ച രോഗത്തിനുള്ള അയേണ്‍ ആന്‍ഡ് ഫോളിക് ആസിഡ് വിതരണം, താൽക്കാലിക-സ്ഥിര ഗർഭനിരോധന മാർഗങ്ങൾ, ഉപദേശങ്ങൾ, ക്ഷയം, പിള്ളവാതം, ഡിഫ്ത്തീരിയ, വില്ലൻ ചുമ, ക്ഷത സന്നി, അഞ്ചാം പനി അടക്കമുള്ള ആറ് രോഗങ്ങൾക്കെതിരേയുള്ള കുത്തിവയ്പ്പും ഇവിടെനിന്ന് ലഭിക്കും.
ക്ലോറിനേഷൻ, കൊതുകു നിയന്ത്രണം, പകർച്ചവ്യാധി നിയന്ത്രണം, വയറിളക്ക രോഗ ചികിത്സ, ഒആർഎസ് വിതരണം, മലന്പനി, എയ്ഡ്സ്, രോഗനിയന്ത്രണ ദേശീയ ആരോഗ്യ പരിപാടികൾ നടപ്പാക്കൽ, സ്കൂൾ ആരോഗ്യ പരിപാടി, മലന്പനി നിർണയം, ബോധവത്ക്കരണം, ക്ഷയ രോഗികൾക്ക് നേരിട്ട് മരുന്ന് വിതരണം, അങ്കണവാടികളിലൂടെ ആരോഗ്യ വിദ്യാഭ്യാസം എന്നീ സേവനങ്ങളും കുടുംബക്ഷേമ കേന്ദ്രത്തിൽനിന്നു പൊതുജനങ്ങൾക്ക് ലഭിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികളും സഹായങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് കുടുംബക്ഷേമ കേന്ദ്രം വഴിയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മറ്റും ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിനോടൊപ്പം അഞ്ച് വാർഡുകളിലെ 10 ആശ വർക്കർമാരുടെയും സേവനം ഇവിടെയുണ്ട്.
പായിപ്ര പഞ്ചായത്തിലെ പിഎച്ച്സിക്കു കീഴിൽ മൂന്ന് സബ് സെന്ററാണ് നിലവിലുള്ളത്. നേരത്തെ നാല് ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്മാരുണ്ടായിരുന്നു. ഒരാൾ സ്ഥലം മാറിപോയ ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്. നിലവിൽ മൂന്ന് ഹെൽത്ത് നേഴ്സിന്റെ സേവനം പഞ്ചായത്തിലുണ്ടെങ്കിലും ജനസാന്ദ്രതയേറിയ പഞ്ചായത്തായതിനാൽ ജോലി ഭാരവും കൂടുതലാണ്.
മുളവൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ കന്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാൽ ജോലി റിപ്പോർട്ടുകളും മറ്റ് രോഗീവിവരണങ്ങളെല്ലാം പായിപ്ര പിഎച്ച്സിയിലാണ് ശേഖരിക്കുന്നത്. പഞ്ചായത്തിൽ ഒഴിവുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ഡിഎംഒ, പഞ്ചായത്ത് ഭരണ സമിതി എന്നിവർക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.