മൂവാറ്റുപുഴ: അഞ്ചു വർഷമായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തതുമൂലം മുളവൂർ വായനശാലപ്പടി പാലത്തിലേക്ക്ആളുകൾ കയറുന്നത് താൽക്കാലികമായി സ്ഥാപിച്ച ഏണിയിലൂടെ. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ രൂപ മുടക്കി നിർമിച്ച പാലത്തിന്റെ അവസ്ഥയാണിത്. പായിപ്ര പഞ്ചായത്ത് നാലാം വാർഡിലെ മുളവൂർ വായനശാലപ്പടിയിൽ മുളവൂർ തോടിന് കുറുകെ നിർമിച്ച പാലമാണ് അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ നോക്കുകുത്തിയായി മാറിയത്.
അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുക്കൽ വൈകിയതും ഏറ്റെടുത്ത സ്ഥലത്ത് എട്ട് മീറ്റർ വീതിയില്ലാത്തതിനാൽ തുക അനുവദിക്കാൻ സാങ്കേതിക തടസങ്ങൾ നേരിട്ടതും റോഡ് നിർമാണം വൈകാൻ കാരണമായി.
നാല് മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലും നിർമിച്ച പാലം പൂർത്തിയാകാതെ നിൽക്കുകയാണ്. 2013-14 സാന്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പ്രോജക്ടാണിത്.
പദ്ധതി അവസാനിപ്പിച്ച് കരാറുകാരൻ പിൻവാങ്ങുകയും ചെയ്തു. വെസ്റ്റ് മുളവൂർ കനാൽ ബണ്ട് റോഡിലെ എംഎസ്എം സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച് പുതുപ്പാടി – ഇരുമലപ്പടി റോഡിലെ മുളവൂർ വയനശാലപ്പടിയെ ബന്ധിപ്പിക്കുന്നതിനാണ് ഇവിടെ പാലം അനുവദിച്ചത്. പാലത്തിന്റെ ഒരു വശത്ത് നാട്ടുകാർ താൽക്കാലിക മരക്കോണി നിർമിച്ചാണ് പാലത്തിലേക്കു കയറുന്നത്.
പാലത്തിനോടനുബന്ധിച്ച് നീർത്തടം പരിപാലന പദ്ധതിയിൽപ്പെടുത്തി 16 ലക്ഷം രൂപ ചെലവിൽ ചെക്ക് ഡാം നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. മുളവൂർ വായനശാലപ്പടി റോഡിലേക്കുള്ള അപ്രോച്ച് റോഡും സംരക്ഷണഭിത്തിയും കുറച്ച് ഭാഗം ശരിയായെങ്കിലും മറുഭാഗത്ത് പാലത്തിലേക്ക് കയറിയിറങ്ങുന്ന റോഡിന് സ്ഥലം ഏറ്റെടുക്കൽ വൈകിയതാണ് നിർമാണം അനിശ്ചിതത്വത്തിലാകാൻ കാരണം. പാലം നിർമാണം ഏറ്റെടുത്ത ഘട്ടത്തിൽ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പാലം പണിയാരംഭിച്ചത് പ്രശ്നമായിരുന്നു.
റോഡ് വിഭാവനം ചെയ്തതും സ്ഥലമേറ്റെടുത്തിരിക്കുന്നതും അശാസ്ത്രീയമായിട്ടാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നത്. പാലം പണി പൂർത്തിയാക്കിയശേഷം മധ്യസ്ഥ ചർച്ച നടത്തി ആറ് മീറ്റർ വീതിയിൽ സ്ഥലം ലഭ്യമാക്കിയിരുന്നു. എന്നാൽ കൊടുംവളവായതിനാൽ പാലത്തിലേക്ക് വാഹനം കയറിയിറങ്ങില്ലെന്നാണ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും അഭിപ്രായം.
ജില്ലാ പഞ്ചായത്ത് പണിയേറ്റെടുക്കുതിന് എട്ടുമീറ്റർ വീതി വേണമെന്നും അപ്രോച്ച് റോഡിന്റെ നിർമാണം പഞ്ചായത്ത് പൂർത്തിയാക്കണമെന്നുമാണ് ഉദ്യോഗസ്ഥർ നിർദേക്കുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ പാലത്തെ അവഗണിച്ച നിലയിലാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരേ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ ഉൾപ്പടെയുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.