കൊല്ലങ്കോട്: ഗോവിന്ദപുരം – കാന്പ്രത്ത് ചള്ള സംസ്ഥാന പ്രധാന പാത ആട്ടയാംപതിയിൽ റോഡതിക്രമിച്ചു നിൽക്കുന്ന മുൾച്ചെടി ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീഷണയായിരിക്കുകയാണ്. എതിരെ വന്ന ചരക്കു ലോറിക്കു വഴിമാറി കൊടുക്കുന്നതിനിടെ ഇരുചക്രവാഹനം ഓടിച്ച യാത്രക്കാരന് മുൾചെടി തട്ടി കൈകാലുകൾക്ക് സാരമായ മുറിവുണ്ടായി. ബൈക്ക് യാത്രികൻ ഹെൽമറ്റ് ഉപയോഗിച്ചിരുന്ന തിനാൽ മുഖത്ത്പരിക്കേറ്റില്ല.
സ്ഥലത്തെ മുൾച്ചെടി കാരണം ബൈക്ക് യാത്രികർ റോഡിന്റെ മധ്യഭാഗത്ത് കൂടി സഞ്ചരിക്കുന്നത്അപകട ഭീഷണിയായിരിക്കുകയാണ്. പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് ഇടതടവില്ലാതെ ചരക്കു ലോറികൾ ചീറിപ്പായുന്ന പാതയാണിത്. മീങ്കര ,പരുത്തിക്കാട് ,വലിയച്ചുള്ള അംബേദ്കർകോളനി തിരിവുറോഡ് എന്നിവിടങ്ങളിലും പാഴ്ചെടികൾ റോഡതിക്രമിച്ച് വളർന്നു പന്തലിച്ച് നിൽക്കുകയാണ്.
വാഹനങ്ങൾ നിരത്തിലോടിക്കാൻ നികുതിയും സമയം വൈകിയാൽ പിഴയും ഈടാക്കുന്ന പൊതുമരാത്ത് വകുപ്പ് സഞ്ചാര സൗകര്യവും ഉറപ്പുവരുത്തണമെന്നതാണ്് യാത്രക്കാരുടെആവശ്യം . നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ കാൽനട യാത്രക്കാർ ക്കും മാർഗ്ഗതടസ്സമായിരിക്കുകയാണ് പാഴ്ചെടികൾ .