തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുണ്ടായെന്ന് വ്യാജ സന്ദേശങ്ങൾ. വാട്സ്ആപ്പിലാണ് ഭീതിപരത്തുന്നതരത്തിലുള്ള വ്യാജ സന്ദേശം പ്രചരിച്ചത്. ഇത്തരം കുപ്രചരങ്ങളിൽ കുടുങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വ്യാജപ്രചരണക്കാർ ഇത്തരം പ്രവർത്തികളിൽനിന്നും പിന്തിരിയണം. നിയമാനുസൃതമുള്ള കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തിൽ ഇതു പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് ഏബ്രഹാം അറിയിച്ചു.
വ്യാജ സന്ദേശങ്ങൾ സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ സെക്രട്ടറി ഡിജിപിക്ക് കത്തുനൽകിയിരുന്നു.