ഇടുക്കി: മുല്ലപ്പെരിയാർ ഡാമിനെ തകർക്കാൻ കേരള സർക്കാർ ശ്രമിക്കുന്നതായി തമിഴ്മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം മുല്ലപ്പെരിയാർ ഡാമിൽനിന്ന് ഒഴുക്കിവിട്ടതു പ്രളയതീവ്രത കൂട്ടിയെന്നു കേരളം സുപ്രീംകോടതിയിൽ നിലപാടു സ്വീകരിച്ചതിനെത്തുടർന്നാണ് തമിഴ് മാധ്യമങ്ങളും വിവിധ സംഘടനകളും വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൂടുതൽ ഷട്ടറുകൾ ഉയർത്തിയത് പ്രളയംകൂട്ടിയെന്ന കേരള സർക്കാരിന്റെ വാദം വ്യാജമാണെന്ന് ഇവർ സമർഥിക്കുന്നു. മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയമില്ലെന്ന കേരള സർക്കാരിന്റെ പ്രസ്താവനകളും വ്യാപകമായി ഇവർ ഉപയോഗിക്കുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടതല്ല ഇടുക്കി ഡാമും ഇടമലയാർ ഡാമും ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നു വിട്ടതാണു കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്നു തമിഴ്നാട് ദേശീയ പെരിയഴകം കക്ഷി നേതാവ് മണിയരശൻ പറയുന്നു. തമിഴ്നാടിനു മേൽ കുറ്റം ചാർത്താനാണ് കേരളം ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയ അഭിഭാഷകൻ റസൽ ജോയിക്കെതിരേയും ചില തമിഴ് മാധ്യമങ്ങളിൽ വിമർശനമുണ്ട്. കോടതി വിധിക്കു ശേഷം തമിഴ്മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ദുരന്തമായിരിക്കുമെന്നാണു റസൽ ജോയി തമിഴ്മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, അദ്ദേഹം കരാറിനെക്കുറിച്ചും മറ്റും പറഞ്ഞ ഭാഗങ്ങളൊക്കെ അവർ തമസ്കരിച്ചാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, തമിഴ്നാട് സർക്കാർ പുതിയ ഡാം നിർമിക്കുന്നതിനു വിരുദ്ധമായി കൊണ്ടു വരുന്ന ന്യായീകരണങ്ങൾക്ക് ഒരു പ്രസക്തിയുമില്ലെന്നു റസൽ ജോയി ചൂണ്ടിക്കാട്ടുന്നു. കേരളം തന്നെ ഇപ്പോൾ ഭൂകന്പസാധ്യതയുള്ള പ്രദേശമാണ്.
ഒരു ഫലവത്തായ ദുരന്തനിവാരണ പദ്ധതിയോ മുല്ലപ്പെരിയാർ വിഷയത്തിനു സമഗ്രമായ ഒരു പരിഹാര പദ്ധതിയോ കണ്ടെത്താതെ നിയമതടസങ്ങളും സാങ്കേതിക തടസങ്ങളും പറഞ്ഞു ഹതഭാഗ്യരായ അന്പതു ലക്ഷം ജനങ്ങളുടെ ജീവനു വിലപറഞ്ഞ് കേന്ദ്ര, തമിഴ്നാട്, കേരള സർക്കാരുകൾ പാവക്കൂത്ത് നടത്തുകയാണ്.
1980ലെ വനസംരക്ഷണ നിയമം അനുസരിച്ചു വനവിസ്തൃതിയിൽ കുറവുണ്ടാകുന്ന വിധത്തിൽ ജലനിരപ്പ് ഉയർത്താൻ പാടില്ല. വാദം ഉയർത്തിക്കാട്ടി പേപ്പാറ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനെ തമിഴ്നാട് എതിർത്തിരുന്നു.
വനപ്രദേശത്തെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന ഉത്തരമൊരു സാഹചര്യമുണ്ടായാൽ പൊതുജനാഭിപ്രായം തേടണമെന്നു പരിസ്ഥിതി സംരക്ഷണ നിയമത്തിൽ പറയുന്നു. എന്നാൽ, ഇതിനു വിപരീതമായി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയിട്ടില്ല. വന്യജീവി സംരക്ഷണനിയമം, വനാവകാശ നിയമം എന്നിവയുടെ ലംഘനവും മുല്ലപ്പെരിയാറിലുണ്ടായി എന്നും റസൽ ജോയി പറയുന്നു.
ജോണ്സണ് വേങ്ങത്തടം