ആലപ്പുഴ: സ്ഥിരം വ്യാപാരികൾക്ക് ഭീഷണിയായി അന്യസംസ്ഥാന കച്ചവടക്കാർ നഗരത്തിൽ പെരുകുന്നു. നികുതി രജിസ്ട്രേഷൻ എടുത്തും നികുതിയടച്ചും കച്ചവടം ചെയ്യുന്ന അംഗീകൃത വ്യാപാരികൾക്ക് ഇതുമൂലം കച്ചവടം നഷ്ടപ്പെടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.
ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് നഗരത്തിൽ പ്രത്യേകിച്ച് മുല്ലയ്ക്കൽ തെരുവിൽ ഇതര സംസ്ഥാന വ്യാപാരികൾ വഴിയോര കച്ചവടവുമായി രംഗത്തെത്തിയിട്ടുള്ളത്. നഗരസഭയ്ക്ക് യാതൊരുവിധത്തിലുള്ള നികുതിയും നൽകാതെയാണ് വർഷം തോറും അന്യസംസ്ഥാനക്കാർ നഗരത്തിലെ വ്യാപാര മേഖല കൈയടക്കി സ്ഥിരം വ്യാപാരികളുടെ കച്ചവടം പിടിച്ചടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓണക്കാലത്ത് മുല്ലയ്ക്കൽ തെരുവിൽ നടക്കുന്നത്.
നികുതിയിനത്തിൽ യാതൊരുവിധ നേട്ടവും നഗരസഭയ്ക്കോ ഭരണകൂടത്തിനോ ഇതുമൂലമുണ്ടാകുന്നില്ല. ഗുണമേന്മ ഉറപ്പില്ലാത്ത സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറച്ചാണ് ഇവർ വിൽക്കുന്നത്. ഇതുമൂലം ആളുകൾ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നു. അതേസമയം നികുതിയും വാടകയും വൈദ്യുതി ബില്ലും അടച്ച് പ്രവർത്തിക്കുന്ന കടകൾക്ക് ഇത്തരത്തിൽ വിലകുറച്ച് സാധനങ്ങൾ നൽകാനാകില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇതര സംസ്ഥാനക്കാർ നഗരത്തിൽ പിടിമുറുക്കിയിരിക്കുന്നത്.
അതേസമയം ചില കച്ചവടക്കാർ അവരുടെ വ്യാപാരവുമായി ബന്ധമില്ലാത്ത കച്ചവടക്കാരെ വാടക വാങ്ങിയശേഷം കടയുടെ മുന്നിൽ കച്ചവടം ചെയ്യാൻ അനുവദിക്കുന്ന പ്രവണ കാണുന്നുണ്ടെന്ന് കേരള വ്യാപാരി വ്യവസായി സമിതി ആരോപിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യം. പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളാരംഭിക്കാനും സംഘടനയ്ക്ക് തീരുമാനമുണ്ട്.