ആലപ്പുഴ: നഗരസഭ-പൊതുമരാമത്ത് തർക്കം നിലനിൽക്കെ ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് താത്കാലിക കടകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് നടപടി തുടങ്ങി. ആലപ്പുഴ നിരത്തു വിഭാഗം എക്സിക്യട്ടീവ് എൻജിനിയറുടെ അധികാര പരിധിയിലുളള പൊതുമരാമത്ത് റോഡുകളിൽ താല്കാലിക കടകൾ സ്ഥാപിക്കുന്നതിനുളള ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ടാണ് നടപടി തുടങ്ങിയത്.
പത്തിനു രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞു രണ്ടിനു നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ ലേല നടപടികൾ നടക്കും. അതേസമയം മുല്ലയ്ക്കൽ ചിറപ്പ് ലേലം വിഷയത്തിൽ നഗരസഭയും പിഡബ്ല്യുഡിയും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നടപടികളിൽ തീരുമാനമാകാതെ ഇന്നലെ ചേർന്ന നഗരസഭാ കൗണ്‍സിൽയോഗം പിരിഞ്ഞു.
നഗരസഭാ ചെയർമാൻ തോമസ് ജോസഫും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചിറപ്പ് ലേലത്തിന്റെ 70 ശതമാനം നഗരസഭയ്ക്കും 30 ശതമാനം പൊതുമരാമത്ത് വകുപ്പിനും പങ്കുവയ്ക്കാമെന്ന് നിർദേശം വന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന് ലഭിക്കുന്ന 30 ശതമാനത്തിൽ നിന്ന് നഗരത്തിലെ റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്താമെന്നതായിരുന്നു പരിഗണിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ വ്യാപക പ്രതിഷേധമാണ് നഗരസഭാ ഭരണസമിതിയായ യുഡിഎഫിന്റെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്തെ മറ്റ് ഉത്സവങ്ങളിൽ അതാത് സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പ്രദേശത്ത് വ്യാപാരം നടത്തുന്നതിനായി ലേലം നടത്തുന്നതെന്ന് ഇവർ വാദിച്ചു.
എന്നാൽ മുല്ലയ്ക്കൽ തെരുവിലെ സ്ഥിരം വ്യാപാരികൾ ഹൈക്കോടതിയിൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ചിറപ്പ് ലേലത്തിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടേണ്ടതായി വന്നതെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ പറഞ്ഞു. മുല്ലയ്ക്കൽ തെരുവിൽ ലേലം നടത്താനുള്ള സ്ഥലമുണ്ടോയെന്ന് കണ്ടെത്താനുള്ള ചുമതല ഹൈക്കാടതി പൊതുമരാമത്ത് വകുപ്പിനാണ് നൽകിയതെന്നും ഇവർ ആരോപിച്ചു.
തുടർന്ന് നഗരസഭാ ചെയർമാന്റെ മറുപടി പ്രസംഗത്തിൽ ഇന്നു സർവകക്ഷി നേതാക്കളും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുമുൾപ്പെടെ മന്ത്രി ജി. സുധാകരനെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്ന ധാരണയിൽ കൗണ്‍സിൽ യോഗം പിരിഞ്ഞു. എന്നാൽ ചെയർമാന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും വിട്ടുനിൽക്കുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. നഗരസഭയിലെ എതെങ്കിലുമൊരു കക്ഷി നേതാവ് വിട്ടുനിന്നാൽ മന്ത്രിയെ സന്ദർശിക്കുന്നത് ഒഴിവാക്കുമെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫും വ്യക്തമാക്കി.