തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് ഇടതുമുന്നണിയിൽ പുതിയ വിവാദത്തിനു വഴിതുറന്നു. രാഷ്ട്രീയമായ ആലോചനകളൊന്നും കൂടാതെയാണു സിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം കൂടിയായ മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായ നിയമസഭാ ഉപസമിതി റിപ്പോർട്ടു തയാറാക്കിയെന്നതാണു വിമർശനം.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സർക്കാർ നടപടിക്കൊരുങ്ങിയാൽ പ്രതിക്കൂട്ടിലാകുന്നതു ഇടുക്കിയിലെ സിപിഎമ്മും സിപിഐയുമാണ്. നൂറിലധികം അനധികൃത കെട്ടിടങ്ങൾ മൂന്നാറിലുണ്ടെന്നാണ് ഉപസമിതിയുടെ റിപ്പോർട്ടിലുള്ളത്. ഇതിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ ഉൾപ്പെടെ പല ഉന്നതരുടേയും കെട്ടിടങ്ങൾ ഉണ്ട്.
ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് തയാറാക്കുമ്പോൾ പാർട്ടി നേതൃത്വവുമായി മുല്ലക്കര രത്നാകരൻ ആലോചിച്ചില്ലെന്ന വിമർശനം സിപിഐ നേതൃത്വത്തിനുണ്ട്. അടുത്ത സിപിഐ എക്സിക്യൂട്ടീവിൽ മുല്ലക്കരയ്ക്കെതിരേ കടുത്ത വിമർശനം ഉണ്ടാകാനാണു സാധ്യത.
നിയമസഭാ ഉപസമിതിയുടെ റിപ്പോർട്ട് സിപിഎം നേതൃത്വത്തെയും അലോസരപ്പെടുത്തുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന മൂന്നാർ ഓപ്പറേഷൻ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കു കാരണമായിരുന്നു.
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള അന്നത്തെ ഇടതുസർക്കാരിന്റെ നടപടി പൊതുവേ സ്വീകരിക്കപ്പെട്ടിരുന്നെങ്കിലും സിപിഎമ്മിനുള്ളിൽ വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്. ഇന്നത്തെ വൈദ്യുതി മന്ത്രിയായ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി കൈയേറ്റമൊഴിപ്പിക്കാൻ മൂന്നാറിൽ വന്നാൽ വരുന്നവന്റെ കാൽ വെട്ടുമെന്നുവരെ പറഞ്ഞതു സംസ്ഥാനത്തു വലിയ വിവാദമായിരുന്നു.
സിപിഐ കൂടി എതിർത്തതോടെ മൂന്നാർ ദൗത്യം അച്യുതാനന്ദനു പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഇപ്പോൾ സിപിഐ നേതാവ് അധ്യക്ഷനായ നിയമസഭാ ഉപസമിതിയുടെ റിപ്പോർട്ട് അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതാണ്. നേരത്തേ ഹൈക്കോടതിയും മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നിയമസഭാ ഉപസമിതിയുടെ റിപ്പോർട്ടുകൂടി വന്നതോടെ മൂന്നാറിലെ അനധികുത നിർമാണങ്ങൾ ഉടൻ പൊളിച്ചുനീക്കണമെന്നു വിഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ പല വിഷയങ്ങളിലും പരസ്യമായി തന്നെ ഏറ്റുമുട്ടിയിരുന്നതുമാണ്. എന്നാൽ ഈ അഭിപ്രായവ്യത്യാസങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നു കണ്ടു കഴിഞ്ഞ ദിവസങ്ങളിൽ ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ചർച്ച നടത്തി പരിഹരിക്കുകയും ചെയ്തിരുന്നു.
മന്ത്രി എം.എം. മണിയും സിപിഐയിലെ രണ്ടു മന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസവും മുല്ലക്കര രത്നാകരന്റെ നിയമസഭാ ഉപസമിതി റിപ്പോർട്ടിൽ നിഴലിക്കുന്നുണ്ടെന്നാണു മറ്റൊരു ഭാഷ്യം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ, എം.എം. മണി മന്ത്രിയാകുന്നതിനു മുമ്പ് ഇടുക്കിയിലെ ഭൂമി വിഷയത്തിൽ ശക്തമായി വിമർശിച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മുല്ലക്കരയുടെ റിപ്പോർട്ട് ഇടുക്കിയിലെ സിപിഎം നേതാവുകൂടിയായ മണിയെ ലക്ഷ്യം വച്ചുള്ളതാണെന്നു സംശയിച്ചാൽ തെറ്റുപറയാനാകില്ല.
സിപിഐയിലെ കെ.ഇ. ഇസ്മയിൽ വിഭാഗമാണു മൂന്നാറിലെ ഉപസമിതി റിപ്പോർട്ടിന്റെ പേരിൽ പാർട്ടിയിൽ മുല്ലക്കരക്കെതിരേ കലാപമുയർത്തിരിക്കുന്നത്. ഇതിനു സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഒരു എംഎൽഎയുടെയും പിന്തുണ ഇസ്മയിൽ വിഭാഗത്തിനുണ്ട്.
എം. പ്രേംകുമാർ