ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പോടെ ആരംഭിച്ച ആലപ്പുഴയുടെ ആഘോഷങ്ങൾക്ക് കൂടുതൽ വർണപ്പൊലിമ നൽകി പുതുവർഷാഘോഷമെത്തി. പുതു വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആലപ്പുഴ നഗരം. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടികൾ കൂടാതെ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്ത് ബീച്ച് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.
ആകർഷകമായ കലാപരിപാടികളാണ് ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മണ്ഡലമഹോത്സവത്തോടനുബന്ധിച്ചു എത്തുന്ന മുല്ലയ്ക്കൽ ചിറപ്പോടെയാണ് ആലപ്പുഴ നഗരത്തിന്റെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നത്. തുടർന്ന് ക്രിസ്മസും കൂടി എത്തുന്നതോടെ ചിറപ്പിന് തിരക്കേറും.
വിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ തിരുനാളുകളും ഇനിയുള്ള ദിനങ്ങളിൽ എത്തുന്നു. അർത്തുങ്കൽ പള്ളി പെരുന്നാളും കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവവും ഇതിൽ പ്രധാനപ്പെട്ടതാണ്. ചിറപ്പിന്റെ തിരക്കിൽ നിന്നും നഗരം മുക്തമാകും മുന്പേ പുതുവർഷത്തിന്റെ ആഘോഷം നഗരത്തിലേക്കെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും മുറുകി.
അക്രമങ്ങൾ ഒഴിവാക്കാൻ ഭരണകൂടവും സുസജ്ജം. പരിപാടികൾ കാണാനും സാധനങ്ങൾ വാങ്ങാനുമായി എത്തുന്ന ആളുകളെക്കൊണ്ട് നഗരം നിറയുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുക. വർണ ബലൂണുകൾ പറത്തി പുതുവർഷത്തെ വരവേൽക്കാൻ ഇന്ന് രാത്രി ആലപ്പുഴ ബീച്ചിലേക്ക് ആയിരങ്ങൾ ഒഴുകി എത്തും.