കൊല്ലം : ഗ്രന്ഥശാലാ സംഘത്തിന്റെ വിപുലീകരണത്തിനായി കേരളാ ഗ്രന്ഥശാലാ സംഘം നിയമഭേദഗതി നടപ്പാക്കി ഈ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് മുല്ലക്കര രത്നാകരൻ എം എൽ എ അഭിപ്രായപ്പെട്ടു. കേരളാ ഗ്രന്ഥശാലാ സംഘം ആക്ട് നിലവിൽ വന്നിട്ട് 25 വർഷം പിന്നിടുകയാണ്. ഈ നിയമത്തിൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലും ചട്ടക്കൂടിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻ അസോസിയേഷൻ കൊല്ലം ജില്ലാ കൺവൻഷൻ കൊട്ടാരക്കരയിൽഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ലൈബ്രറികളെ സംരക്ഷിക്കുന്നതിനോടൊപ്പം ലൈബ്രേറിയന്മാരേയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം.ആറുമാസത്തിലൊരിക്കൽ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം വർദ്ധിപ്പിച്ചു കൊണ്ട് പ്രതിമാസ വേതനമാക്കി നൽകണം.
ലൈബ്രേറിയന്മാരെ പാർട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ സി അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം എം സലീം, എ എസ് ഷാജി, കൊല്ലം താലൂക്ക് കൗൺസിൽ പ്രസിഡൻറ് മുളവന രാജേന്ദ്രൻ, എസ് വിനോദ് കുമാർ, ടി സുനിൽ കുമാർ, ആർ രാജൻ ബോധി, ടി എസ് ജയചന്ദ്രൻ, ബിനു മാത്യു, എസ് എം ഹനീഫ് എന്നിവർ പ്രസംഗിച്ചു.