ഇരിട്ടി : നഗരക്കാഴ്ചകൾ കണ്ട് കറങ്ങിനടക്കുന്നതിനിടെ തെരുവ് നായ്ക്കൂട്ടത്തിനു മുന്നിൽപ്പെട്ട മുള്ളൻ പന്നി ശരിക്കും കുടുങ്ങി.
നായ്ക്കൂട്ടത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിക്കയറിയത് ഇരിട്ടി മേലെ സ്റ്റാൻഡിലെ ഒരു കടയുടെ ഷട്ടറിനോട് ചേർത്തുവച്ച ഇരുന്പ് ഗ്രിൽസിന്റെ സ്റ്റാൻഡിനുള്ളിലേക്കായിരുന്നു.
രക്ഷപ്പെട്ടെന്ന് കരുതേണ്ടെന്ന പ്രഖ്യാപനവുമായി ഇതിനടുത്ത് തെരുവ് നായ്ക്കളും നിലയുറപ്പിച്ചു.
ഇതോടെ നേരംവെളുക്കുവോളം ഇവിടെത്തന്നെ മുള്ളൻപന്നിയും തങ്ങി. പുലർച്ചെ ഗ്രിൽസിനുള്ളിൽ മുള്ളൻപന്നിയെ കണ്ടവർ കടയുടമയെയും വനംവകുപ്പിനെയും വിവരമറിയിച്ചു.
വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പന്നി കുതറിയോടി സമീപത്തു നിർത്തിയിട്ട കാറിനടിയിൽ അഭയം തേടി.
എന്നാൽ വിടില്ലെന്ന തീരുമാനത്തിൽ ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുക്താർ അബ്ദുൽ ഹക്ക്, ഫോറസ്റ്റ് വാച്ചർ പി. ബിജു എന്നിവർ കാറിനടുത്തേക്ക് നീങ്ങിയെങ്കിലും ഇവരെ വെട്ടിച്ച് മുള്ളൻപന്നി സമീപത്തെ പഴശി പദ്ധതിയുടെ ഭാഗമായ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി.
ഇതോടെ മുള്ളൻപന്നിയെ കാട്ടിലേക്കയയ്ക്കാൻ തുനിഞ്ഞിറിങ്ങിയ വനംവകുപ്പ് ജീവനക്കാർ പണി എളുപ്പം കഴിഞ്ഞതിന്റെ ആശ്വാസത്തിൽ മടങ്ങി.