തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നു. ഇന്നലെ ജലനിരപ്പ് 135.45 അടിയിലെത്തിയതോടെ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് തമിഴ്നാട് നൽകി.
ജലനിരപ്പ് 136.03 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കും. തേക്കടിയിലെ തമിഴ്നാട് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് എൻജിനിയറാണ് ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ജൂലൈ മധ്യത്തോടെ ജലനിരപ്പ് ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത് അപൂർവമാണ്. ഈ മാസം അണക്കെട്ട് തുറന്നാൽ അതും അപൂർവമായി മാറും.
പദ്ധതി പ്രദേശത്ത് സാമാന്യം ഭേദപ്പെട്ട മഴ ഇന്നലെയും ലഭിച്ചു. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 133.2 അടിയായിരുന്നു.
ജലനിരപ്പ് ഉയരുന്നതിനാൽ മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 3,967 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 1,867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
കഴിഞ്ഞ വർഷം നിരവധി തവണയാണ് തമിഴ്നാട് കൃത്യമായ മുന്നറിയിപ്പില്ലാതെ അർധരാത്രിയിലടക്കം ഷട്ടർ ഉയർത്തിയത്.
ഇതു അപ്രതീക്ഷിതമായി വീടുകളിൽ വെള്ളം കയറുന്നതിനും വീട്ടുപകരണങ്ങളടക്കം നഷ്ടപ്പെടുന്നതിനും കാരണമായിരുന്നു.
ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്.
ഇന്നലെ രാവില ഏഴിന് 2365.80 അടിയാണ് ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 59.92 ശതമാനമാണിത്.