കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാനായി മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രി പദവി ഓഫര് !. ഹൈക്കമാന്ഡ് മുമ്പാകെയാണ് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കുന്നതിന് വരെ തയാറാണെന്ന് കേരളത്തില് നിന്നുള്ള നേതാക്കള് വ്യക്തമാക്കിയത്.
എന്നാല് മുല്ലപ്പള്ളി രാമചന്ദ്രന് നിലപാടില് നിന്ന് മാറിയില്ല. തദ്ദേശതെരഞ്ഞെടുപ്പില് കോണ്ഗ്രസിനേറ്റ ക്ഷതം മാറ്റാന് അവസരം നല്കണമെന്ന് അദ്ദേഹം ഹൈക്കമാന്ഡിന് മുന്നില് ആവശ്യപ്പെട്ടു.സ്ഥാനാര്ഥിയായി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പില് പാര്ട്ടിയെ നയിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് എന്ന നിലയില് മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളിയുടെ ഉറച്ച തീരുമാനത്തെ ഹൈക്കമാന്ഡും പിന്തുണക്കുകയായിരുന്നു.സ്ഥാനാര്ഥിയായി മത്സരിക്കുന്ന പക്ഷം മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്ത്തിക്കേണ്ടതായുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില് ഏതെങ്കിലും ഒരു മണ്ഡലത്തിലൂന്നി പ്രവര്ത്തിക്കാന് സാധിക്കില്ല.
എല്ലാ മണ്ഡലങ്ങളിലും എത്തണം. അതിനാല് പ്രസിഡന്റായി തുടരാന് അനുവദിക്കണമെന്നും മുല്ലപ്പള്ളി ഹൈക്കമാന്ഡിനെ അറിയിച്ചു.മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന് ചിലര് സജീവമായി രംഗത്തിറിങ്ങിയിരുന്നു.
ഹൈക്കമാന്ഡുമായി ഏറെ അടുപ്പം പുലര്ത്തുന്ന മുല്ലപ്പള്ളിയെ തത്സ്ഥാനത്ത് നിന്ന് എളുപ്പത്തില് നീക്കാന് സാധ്യമല്ല. അതിനാലാണ് സ്ഥാനാര്ഥിയാക്കാന് ഒരു വിഭാഗം ഇടപെടല് നടത്തിയത്. അതേസമയം മുല്ലപ്പള്ളി സ്ഥാനാര്ഥിയായാല് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനെത്തും. ഇതിനോട് ചിലര്ക്ക് എതിര്പ്പുണ്ട്.
ഉമ്മന്ചാണ്ടിയുടെ ആരോഗ്യപ്രശ്നങ്ങളും രമേശ് ചെന്നിത്തലയുമായി എന്എസ്എസിനുള്ള അതൃപ്തിയും വ്യക്തമാക്കിയാണ് മുല്ലപ്പള്ളിയെ നിയമസഭയില് എത്തിക്കാനും മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കാനും മറുപക്ഷം കളമൊരുക്കിയത്.