തിരുവനന്തപുരം: വി.ഡി. സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുത്തതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇതു സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സതീശൻ മികച്ച നിയമസമാജികനാണെന്നും പിണറായി സർക്കാരിനെ നേരിടാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി അഭിനന്ദിച്ചു. നിയമസഭയിൽ മാതൃകാപരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരുന്നത്.
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി ചെന്നിത്തല അറിയപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. വിശാലമായ മാറ്റം ആഗ്രഹിച്ചുകൊണ്ട് പാർട്ടി എടുക്കുന്ന ഏതു തീരുമാനവും സ്വീകരിക്കും.
പരാജയം ഏറ്റുവാങ്ങിയ സന്ദർഭത്തിൽ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടു പോയാൽ പാർട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.