തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ സിപിഎം കച്ചവട സംഘമായി അധഃപതിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സഹസ്ര കോടീശ്വരൻമാരുമായാണ് സിപിഎമ്മിന്റെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബന്ധമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
കഴിഞ്ഞതവണ അരഡസനിലേറെ സ്ഥാനാർഥികൾ നവ സമ്പന്നൻമാരായിരുന്നു. പാട്ടപ്പിരിവിന് പേരുകേട്ട സിപിഎം ഇപ്പോൾ ബക്കറ്റ് പിരിവിലേക്കാണ് മാറിയിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് കോടികളാണ് പിരിച്ചെടുക്കുന്നത്. ഇതിന്റെ രഹസ്യം എന്താണെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
കോണ്ഗ്രസിന്റേത് മഹാനിധി സ്വരൂപണ യാത്രയെന്ന് കോടിയേരി പറഞ്ഞത് തരംതാണ രാഷ്ട്രീയ പ്രസ്താവനയാണ്. കോണ്ഗ്രസ് പാർട്ടി സാമ്പത്തികമായി തകർന്ന നിലയിലാണ്. എല്ലാകാലത്തും പാർട്ടി പിരിവ് നടത്താറുണ്ട്. സുതാര്യമായി 12,000 രൂപ വീതമാണ് പിരിക്കുന്നത്. ഇതിൽ ഒരു വിഹിതം ജില്ലാ കോണ്ഗ്രസ് കമ്മിറ്റികൾക്കും കീഴ്ഘടകങ്ങൾക്കും നൽകും. കുറച്ചു ഭാഗം മാത്രമാണ് കെപിസിസിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം രക്തസാക്ഷികളുടെ പേരിലും കോടികളാണ് പിരിച്ചെടുക്കുന്നത്. മഹാരാജാസ് കോളജിലെ അഭിമന്യൂ കൊല്ലപ്പെട്ടത് സിപിഎം സംസ്ഥാനം മുഴുവൻ ആഘോഷമാക്കിയാണ് മാറ്റിയത്. മൂന്നു കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ വീടു വയ്ക്കാനും സഹോദരിക്ക് കൊടുത്തതും ഉൾപ്പെടെ 35 ലക്ഷം രൂപയാണ് ചെലവാക്കിയത്. ബാക്കി പണമെവിടെയെന്ന് പാർട്ടി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ആപത്ക്കരമാണ്. ശബരിമലയെ ബിജെപി അയോധ്യയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്പു തന്നെ താൻ പ്രസ്താവന നടത്തിയിരുന്നു. അത് ഏതാണ്ട് സത്യമാണെന്ന് യോഗിയുടെ പ്രസ്താവനയിലൂടെ തെളിഞ്ഞിരിക്കയാണ്. ഇത് കേരളീയരോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.