തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാന്‍ഡിനെ മുല്ലപ്പള്ളി രേഖാമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തത്തുടർന്നു നേരത്തെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു.
കെ സുധാകരനെയും പി ടി തോമസിനെയും കെപിസിസി പ്രസിഡന്റാക്കാൻ ഒരു വിഭാഗം അണിയറ നീക്കം നടത്തുന്നതിനിടയിലാണ് മുല്ലപ്പള്ളി രേഖാമൂലം രാജി സന്നദ്ധതയുമായി രംഗത്തെത്തിയിരിക്കുന്നത്.
അഴിച്ചുപണി സൂചന
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു കാരണം സംസ്ഥാന നേതാക്കളാണെന്ന കേന്ദ്ര നിരീക്ഷകൻ താരിക്ക് അൻവറിന്റെ റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ അഴിച്ചു പണി വരുമെന്ന സൂചനകളുണ്ടായിരുന്നു.
പ്രതിപക്ഷം സ്ഥാനത്തു തലമുറമാറ്റം വന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു ചലനങ്ങൾ സംഭവിക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം തത്ത്വത്തിൽ സ്വീകരിച്ചെന്നാണ് വിവരം.
പുതിയ പ്രസിഡന്റ് എത്തും വരെ തുടരാൻ അദ്ദേഹത്തോടു നിർദേശിക്കും. ബെന്നി ബെഹനാനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കെ.സുധാകരന്റെ പേരിനു ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ട്. യുവ വിഭാഗവും സുധാകരനെയാണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രൂപ്പുതാത്പര്യങ്ങൾക്ക് ഉപരിയായ തീരുമാനം വരുമെന്നാണ് കരുതുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അടക്കമുള്ളവരുടെ പിന്തുണയും സുധാകരനുണ്ട്. ചത്തുകിടക്കുന്ന സംഘടനാ സംവിധാനങ്ങളിൽ തീപടർത്താൻ സുധാകരനെപ്പോലെയൊരു നേതാവ് വേണമെന്നതാണ് പലരും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
കെപിസിസി പ്രസിഡന്റ് ആരെന്നു സംബന്ധിച്ച ചർച്ചകളിൽ ഗ്രൂപ്പു വ്യത്യാസങ്ങൾക്കുപരിയായുള്ള തീരുമാനങ്ങൾ വരാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ യുവനേതാക്കൾ പിന്തുണച്ചത് ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായാണ്.
അതേസമയം, കെപിസിസി പ്രസിഡന്റ് ആരാകണമെന്നതു സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.