തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കു തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉജ്വല സ്വീകരണം നൽകി. തൃശൂർ, ഒല്ലൂർ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തു നരേന്ദ്രമോദിയുടെ വർഗീയ ഫാസിസവും കേരളത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ ഫാസിസവുമാണ് നടക്കുന്നതെന്നു സുധീരൻ പറഞ്ഞു. രാജ്യത്തുനിന്നു വർഗീയ ഫാസ്റ്റിസ്റ്റ് ശക്തികളെ തുരത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്പോൾ അതിനെ തുരങ്കം വയ്ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിൽ സിപിഎമ്മുമായി യാതൊരു ചങ്ങാത്തവും കോണ്‍ഗ്രസിന് ഉണ്ടാകില്ല. അങ്ങനെ ഒരു ഗതികേട് കോണ്‍ഗ്രസിനു വന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി.പോൾ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, അനിൽ അക്കര എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.വി.ചന്ദ്രമോഹൻ, എം.പി.ജാക്സണ്, പദ്മജ വേണുഗോപാൽ, ജോസഫ് ചാലിശേരി, ഒ.അബ്ദുറഹിമാൻ കുട്ടി, ജോസ് വള്ളൂർ, കെ.സി.അഭിലാഷ്, എം.പി.വിൻസന്റ്, രാജൻ പല്ലൻ, കെ.വി.ദാസൻ തുടങ്ങിയവർ പങ്കെടുത്തു.