മണ്ണാർക്കാട്: കോണ്ഗ്രസ് സംരക്ഷിച്ച മതേതര പൈതൃകം നാലേമുക്കാൽ വർഷം കൊണ്ട് മോദിയുടെ ബി.ജെ.പി സർക്കാർ തകർത്തെറിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രക്ക് നെല്ലിപ്പുഴ പഴേരി ഗ്രൗണ്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തെ ഉയർത്തിയത് കോണ്ഗ്രസ്സ് ആണ്. എന്നാൽ താൻ ഏറെ വെറുക്കുന്ന രാഷ്ട്രീയ നേതാവ് ആണ് നരേന്ദ്രമോദിയെന്നും ഗുജറാത്തിൽ വംശീയ കലാപത്തിന് നേതൃത്വം കൊടുത്ത ആളാണെന്നും, സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര, കേരള സർക്കാരുകളുടെ ദുർനയങ്ങൾക്കെതിരായാണ് ജനമഹായാത്ര. ആശുപത്രിപ്പടിയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകന്പടിയോടെ ആണ് നെല്ലിപ്പുഴയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ സ്വീകരിച്ചത്.
സ്വാഗതസംഘം ചെയർമാൻ പി.ജെ പൗലോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ഭാരവാഹികളായ ജോസഫ് വാഴക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.ചന്ദ്രൻ, സുബ്രമണ്യൻ, ശൂരനാട് രാജശേഖരൻ, ഡിസിസി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ, കളത്തിൽ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.