തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ഷൈലജയ്ക്കെതിരേയുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം വിവരക്കേടിന്റെ അങ്ങേയറ്റമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയ രാഘവൻ.
തനിക്ക് മാന്യതയും പക്വതയും ഇല്ലെന്ന് മുല്ലപ്പള്ളി നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഇങ്ങനെ നിലവിട്ട് പെരുമാറാൻ പാടില്ലെന്നും വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു.
കോവിഡ് പ്രതിരോധ രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യമന്ത്രിയെയും സർക്കാരിനെയും അതിൽ നിന്ന് പിൻതിരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമാണ് മുല്ലപ്പള്ളിയുടെ പരാമർശം.
കോവിഡ് രോഗത്തിന്റെ ഗൗരവം ഇതുവരെ പ്രതിപക്ഷത്തിന് മനസിലായിട്ടില്ല. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ വിലകുറഞ്ഞ പരാമർശങ്ങളുമായി സർക്കാരിനെ ആക്രമിക്കുന്നത്.
വിവരക്കേടിന്റെ ചാന്പ്യൻപട്ടം നേടാൻ വേണ്ടി കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ മത്സരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു.