കൊച്ചി: കാസർഗോഡ് കല്യോട്ട് നടന്ന ഇരട്ടക്കൊലപാതകത്തിൽ പോലീസും ആഭ്യന്തര വകുപ്പും ഒളിച്ചു കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നാളെ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായി അറിയാം.
കുറ്റവാളികളെ നിയമത്തിന് മുന്പിൽ കൊണ്ടുവരുന്നതിന് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേസിലെ യഥാർഥ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സാഹചര്യം സിപിഎം ഒരുക്കി. നവോത്ഥാനം പറഞ്ഞ് സിപിഎം കൊലപാതകങ്ങൾ നടത്തുകയാണ്.
സിപിഎമ്മിന്റെ നവോത്ഥാന മുദ്രാവാക്യം തന്നെ തട്ടിപ്പാണ്. ഒരു ഭാഗത്ത് ഇത്തരം പ്രഹസനങ്ങളും മറു ഭാഗത്ത് കൊലപാതകങ്ങളുമാണ് ഇവരുടെ രീതി. സിപിഎം നടപ്പിലാക്കുന്നത് ഉൻമൂലന സിദ്ധാന്തമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ യഥാർഥ പ്രതികളെ പിടികൂടണം.
ഡമ്മി പ്രതികളെ ഇറക്കുന്ന പതിവ് സിപിഎമ്മിനുണ്ട്. ഇരട്ടക്കൊലപാതകം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം. ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു സമയത്ത് കൊലപാതകങ്ങൾ നടത്തുന്നതിൽ സിപിഎമ്മിന് മടിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനമഹായാത്രയിൽ ഇതുവരെ പിരിഞ്ഞു കിട്ടിയ തുകയിൽ നിന്നും 10 ലക്ഷം രൂപ ഉടൻ തന്നെ കൊല്ലപ്പെട്ട രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തരുടെയും കുടുംബത്തിന് നൽകും. കൂടാതെ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് വച്ച് നൽകുമെന്നും അടുത്തമാസം രണ്ടിന് 15 ലക്ഷം രൂപ വീതം ഇരു കുടുംബത്തിനും നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.