കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളവോട്ടിനെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തെ നിക്ഷേപവുമായി നാട്ടിലെത്തി വ്യവസായം ആരംഭിച്ച സാജന് നീതി നിഷേധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ മരണത്തിന് ആന്തൂർ നഗരസഭാ ചെയർപേഴ്സണും കുറ്റക്കാരിയാണ്. അവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. കേരളത്തിലെ മുഖ്യമന്ത്രിയിൽ നിന്ന് ഈ വിഷയത്തിൽ യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കളക്ടർമാരെ കണ്ടിട്ടുണ്ട്.
കണ്ണൂരിലെ യുവകളക്ടർ ഐഎഎസ് എന്ന പദവിയുടെ മാന്യത നശിപ്പിക്കരുത്. ഇനി പോകുന്ന സ്ഥലത്തെങ്കിലും ജനങ്ങളെ മറക്കരുത്. ഭരണാധികാരികൾ മാറിവരും. എന്നാൽ ജനങ്ങളോടുള്ള ബാധ്യത ഉദ്യോഗസ്ഥർ മറക്കരുത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് കുറച്ചെങ്കിലും നീതിബോധമുണ്ട്. അദ്ദേഹം കള്ളവോട്ടിനെതിരേ നടപടിയെടുക്കാൻ മുന്നോട്ടുവന്നു. അത് പ്രതീക്ഷ നൽകുന്നതാണ്.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിലെത്തിക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. നിയമനടപടിയുമായി ഏതറ്റം വരെയും പോകും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, കെ.സി. ജോസഫ്, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സുമബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.