വടകര: സിവിൽസർവീസ് പോലുള്ള ദേശീയതല മത്സരപരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ കൈവരിക്കുന്ന നേട്ടങ്ങൾ വിദ്യാഭ്യാസരംഗത്ത് ഉണർവും ഉത്സാഹവും വരുത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. ആക്സന്റ് തിരുവള്ളൂരിന്റെ ആഭിമുഖ്യത്തിൽ സിവിൽസർവീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂരിന് നൽകിയ അനുമോദനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഹിദിനുള്ള ഉപഹാരം അദ്ദേഹം കൈമാറി.
തിരുവള്ളൂർ കരിയർ സെമിനാർ 2018 ന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ. കെ.മുഹമ്മദ് ബഷീർ നിർവഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല കരിയർ വിദഗ്ധൻ ബാബു പള്ളിപാട്ട് കരിയർ സെമിനാർ നയിച്ചു. പിഎസ് സി അംഗം ടി.ടി.ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മോഹനൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. പി.പി.അഹമ്മദ് സ്വാഗതവും സി.അസ്ലം നന്ദിയും പറഞ്ഞു.