തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന് പരാതി നല്കി സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി. പീഡനത്തിനിരയായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന വിവാദ പരാമര്‍ശത്തിലാണ് പരാതിക്കാരി വനിതാ കമ്മീഷനെ സമീപിച്ചത്.
കെപിസിസി അധ്യക്ഷന്‍ നടത്തിയത് തീര്‍ത്തും മ്ലേച്ഛമായ പരാമര്‍ശങ്ങളാണെന്നും മോശമായ വാക്കുകള്‍ ഉപയോഗിച്ച് മുല്ലപ്പള്ളി തന്നെ അപമാനിച്ചുവെന്നും പരാതി നല്കിയ ശേഷം യുവതി പറഞ്ഞു.
സ്ത്രീകള്‍ ഇന്ന ഇന്ന ഗണത്തില്‍പ്പെട്ടവരാണെന്ന് പറയാന്‍ മുല്ലപ്പള്ളിക്ക് എന്ത് അധികാരമാണുള്ളത്. മോശം പരാമര്‍ശം നടത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് എന്ത് കാര്യമാണുള്ളത്.
താന്‍ മരിക്കണമെന്നതാണ് അവരുടെ ആവശ്യം. എന്തായാലും താന്‍ ആത്മഹത്യ ചെയ്യില്ല. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്.
സോളാര്‍ കേസില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ താന്‍ പരാതി നല്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ്. താന്‍ പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ മുല്ലപ്പള്ളി ഒരു അച്ചടക്ക നടപടി പോലും എടുത്തിട്ടില്ലെന്നും പരാതിക്കാരിയായ യുവതി കുറ്റപ്പെടുത്തി.