സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് മൽസരിപ്പിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവജനങ്ങൾക്കും സ്ത്രീകൾക്കും അവസരം നൽകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു മറുപടി.
ഓരോ മണ്ഡലത്തിനും യോജ്യരായ സ്ഥാനാർഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സർവേ നടത്തിക്കഴിഞ്ഞു. യോജ്യരായ സ്ഥാനാർഥികളുടെ പട്ടിക സമർപ്പിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25 നുശേഷം ഈ മാസം അവസാനത്തോടെ പട്ടിക സമർപ്പിക്കും.
വരത്തന്മാർ വേണ്ടെന്ന് തൃശൂരിൽ പോസ്റ്റർ ഒട്ടിച്ചതു കോണ്‍ഗ്രസുകാരാണെങ്കിൽ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാർട്ടിയായ കോണ്‍ഗ്രസിന്റെ യോജ്യരായ സ്ഥാനാർഥിയെ പാർട്ടിയാണു തീരുമാനിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ല. വി.എം. സുധീരനും മൽസരിക്കില്ലെന്ന് അറിയിച്ചെങ്കിലും മൽസരിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്.
മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വിശ്വാസികൾക്കൊപ്പമാണ്. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയ മോദി സർക്കാരിനും എൽഡിഎഫ് സർക്കാരിനും എതിരായ ജനവിധിയാണ് വരാനിരിക്കുന്നത്. യുഡിഎഫ് 20 സീറ്റിലും വിജയിക്കും.
ആർഎംപിയുമായി സഖ്യത്തിനു ചർച്ച നടത്തിയിട്ടില്ല. അവർ കെപിസിസിയെ സമീപിച്ചിട്ടില്ല. ജനാധിപത്യ മതേതര പ്രസ്ഥാനമെന്ന നിലയിൽ അവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. എ.കെ. ആന്റണിയുടെ മകന്റെ കെപിസിസിയുടെ ഐടി വിഭാഗത്തിൽ പ്രയോജനപ്പെടുത്തുന്നതിനെ വിവാദമാക്കേണ്ടതില്ല.