കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നത് 20 വർഷത്തിനു ശേഷം. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനും ഡാമിലെ ഗാലറിയിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനും മുല്ലപ്പെരിയാർ ഡാമിലുള്ള കോളനി വൈദ്യുതി സ്വീകരിക്കുന്നതിനുമായി 1980-ൽ കെ എസ്ഇ ബോർഡ് ഈ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയിരുന്നു.
എന്നാൽ അന്ന് സ്ഥാപിച്ച ലൈനിന്റെ കാലപ്പഴക്കം മൂലവും വന്യജീവികൾക്ക് ഭീഷണി ഉണ്ടാകുന്നതായി കണ്ടതിനാലും വനംവകുപ്പിന്റെയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ 2000-ത്തിൽ കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കുകയായിരുന്നു.
2003-ൽ നടത്തിയ മന്ത്രിതല ചർച്ചയിൽ ഓവർ ഹെഡ് ലൈനിനു പകരം വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് 11 കെവി ഭൂഗർഭ കേബിൾ സ്ഥാപിച്ച് വന്യജീവികൾക്ക് ഭീഷണിയാകാത്ത രീതിയിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായുള്ള മുഴുവൻ തുകയും തമിഴ്നാട് സർക്കാർ നൽകും. 5.125 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും തുടർന്ന് 2005-ൽ തമിഴ്നാട് സർക്കാർ 91 ലക്ഷം രൂപ ബോർഡിന് നൽകുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ വനം വകുപ്പിൽ നിന്നുള്ള അനുമതി ലഭ്യമാകാൻ കാലതാമസം നേരിട്ടതിനാൽ ജോലി നീണ്ടുപോവുകയും കോണ്ട്രാക്ടർ ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 2016-ൽ നടത്തിയ പരിശോധനയിൽ കേബിൾ റൂട്ടിൽ ചില വ്യത്യാസങ്ങൾ വരുത്തി കേബിളിന്റെ നീളം 5.125 കിലോമീറ്ററിൽനിന്ന് 5.65 കിലോമീറ്ററായി പുനർനിശ്ചയിച്ചു.
ഭരണാനുമതിയിൽ മാറ്റം വരുത്തുകയും തുക ഒരുകോടി 65 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ആവശ്യമായ ബാക്കി തുക തമിഴ്നാട് സർക്കാർ 2016 ൽ നൽകി.
ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി 0.2583 ഹെക്ടർ വനഭൂമി വക മാറ്റുന്നതിനായി 2019-ൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ ആവശ്യപ്പെട്ട് 13,47,035 രൂപ 2020 ജനുവരി ഒന്നിന് വനംവകുപ്പിന് കൈമാറുകയും ചെയ്തു.
തുടർന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ജോലി തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും ജോലികൾ 2021 ജനുവരി 13-ന് മുൻപായി പൂർത്തീകരിക്കണമെന്ന നിർദേശവും നൽകി.
കോവിഡ് 19-ന്റെ ഭീഷണിക്കിടയിലും ജോലി സമയബന്ധിതമായി പൂർത്തിയാക്കിയാണ് 20 വർഷത്തിനുശേഷം മുല്ലപ്പെരിയാറിൽ വൈദ്യുതി എത്തിച്ചത്.