ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്പോഴും പദ്ധതിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്നു.
അണക്കെട്ടിൽനിന്നു പുറന്തള്ളുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം നിലവിൽ ഒഴുകിയെത്തുകയാണ്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.02 അടിയിലേക്ക് ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നു. 142 അടിയാണ് ഇവിടത്തെ അനുവദനീയ സംഭരണശേഷി.
സെക്കൻഡിൽ 3820 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ 1867 ഘടയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഈ വെള്ളം ഒഴുകിയെത്തുന്നതും ഇടുക്കിയിലേക്കാണ്. അതിനാൽ ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്താനാകും അധികൃതർ ആദ്യം ശ്രമിക്കുക.
വരുംദിവസങ്ങളിലെ മഴയെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ മൂന്നുഷട്ടറുകൾ 35 സെന്റിമീറ്റർ വീതം ഉയർത്തി മണിക്കൂറിൽ 0.378 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്.
എന്നാൽ, 0.788 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.
അണക്കെട്ട് തുറക്കുന്പോൾ ജലനിരപ്പ് 2398.08 അടിയായിരുന്നുവെങ്കിൽ ഇന്നലെ രാത്രി ഏഴിന് 2398.32 അടിയിലേക്കുയർന്നു.
പദ്ധതിപ്രദേശത്ത് സാമാന്യം ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി ലഭിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലയുടെ പലഭാഗങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്തു.
രണ്ടു ദിവസം കൂടി മഴ തുടരുമെന്ന അറിയിപ്പും തുലാമഴയുടെ ആരംഭവും ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യത വർധിപ്പിക്കുകയാണ്.
അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും പുറത്തേക്ക് ഒഴുക്കുന്നതിന്റെ അളവും ക്രമീകരിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് മൂന്നു ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.
അതേ സമയം, അണക്കെട്ട് തുറന്ന ചൊവ്വാഴ്ച രാവിലെ 11 മുതൽ ഇന്നലെ രാത്രി എട്ടുവരെയുള്ള 57 മണിക്കൂറിനിടെ 31.92 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുക്കിവിട്ടത്.
ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.50 രൂപപ്രകാരം കണക്കുകൂട്ടിയാൽ 14.36 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതുവരെ ഒഴുക്കിവിട്ടതായാണ് കണക്ക്.
മൂലമറ്റം പവർഹൗസിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 680 ലിറ്റർ വെള്ളം വേണം. ഇതനുസരിച്ച് മണിക്കൂറിൽ 5.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതുവരെ തുറന്നുവിട്ടു.
കഴിഞ്ഞ 20 ദിവസത്തിനിടെ ഇടുക്കി അണക്കെട്ടിലേക്ക് 498.818 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
റൂൾകർവിൽ മാറ്റം വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി അണക്കെട്ട് ഓറഞ്ച് അലർട്ടിലേക്ക് എത്തിയെങ്കിലും രാത്രിയോടെ വീണ്ടും റെഡ് അലർട്ടിലായി.
ഇന്നലെ വൈകുന്നേരം ആറുവരെയുള്ള 24 മണിക്കൂറിനിടെ എട്ടു മില്ലിമീറ്റർ മഴയാണ് പദ്ധതിപ്രദേശത്ത് ലഭിച്ചത്. മൂലമറ്റത്ത് ഇന്നലെ മാത്രം 14.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
സംസ്ഥാനത്ത് ഇന്നലെ 73.05 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉപഭോഗം. ഇതിൽ 33.199 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോൾ 39.806 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിച്ചു.