സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
പ്രളയത്തെയും ഭൂകന്പത്തെയും മറികടക്കാനുള്ള സുരക്ഷിതത്വം ഡാമിനുണ്ടെന്നു കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയിൽ ഡാം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ച മേൽനോട്ട സമിതിയും ഡാമിന്റെ സുരക്ഷ നിരന്തരം വിലയിരുത്തുന്നുണ്ട്.
മേൽനോട്ട സമിതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഡാം സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം നൽകിയത്.
മേൽനോട്ട സമിതിയിൽ തമിഴ്നാട് സർക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ് എന്നിവരാണ് സമിതിക്കെതിരേ റിട്ട് ഹർജി നൽകിയത്.
അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചതിനെതിരേ ഡോ. ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.