കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഇന്ന് രാവിലെ ആറിന് 133.8 അടിയാണ് ജലനിരപ്പ്.
ഉച്ചയോടെ ജലനിരപ്പ് 134 അടി പിന്നിട്ടേക്കാം. സെക്കന്റിൽ 7,138 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
സുപ്രിം കോടതി അനുവദിച്ച പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്താൻ ഇനി വേണ്ടത് കേവലം എട്ട് അടിയോളം വെള്ളം.
ഇന്നലെ രാത്രിയോടെ ജലനിരപ്പ് 133 അടി പിന്നിട്ടിരുന്നു. ജലനിരപ്പ് 142 പിന്നിട്ടാൽ അധികജലം സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് ഒഴുക്കും.
പെരിയാറ്റിലേക്ക് വെള്ളമൊഴുക്ക് തുടർന്നാൽ അണക്കെട്ടിന് പിന്നിലൂടെയുള്ള വാഹന ഗതാഗതം നിലയ്ക്കും.
അണക്കെട്ടിന്റെ ചുമതലയുള്ള കേരള പോലീസിന് പിന്നീടുള്ള ഏക ആശ്രയം ഒരു ബോട്ടാണ്. രണ്ട് ഡ്രൈവർമാർ ബോട്ടിന് ഇപ്പോൾ ഒരു ഡ്രൈവർ മാത്രമാണുള്ളത്.
പോലീസ് ഉദ്യോഗസ്ഥരാണ് ഡ്രൈവർമാരായിട്ടുള്ളത്. ഇതിൽ ഒരാളെ സ്ഥലം മാറ്റി. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും പകലും ഒരു ഡ്രൈവറേ വച്ച് ബോട്ട് ഓടിക്കേണ്ട ഗതികേടിലാണ് പോലീസ്.
രാത്രിയിൽ മരക്കുറ്റികൾ നിറഞ്ഞ തടാകത്തിലൂടെ പരിചയസന്പത്തുള്ളവർക്ക് മാത്രമേ ബോട്ട് കൈകാര്യം ചെയ്യാനാകൂ.
13 വർഷം പഴക്കമുള്ള എട്ട് പേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിൽ രാത്രിയാത്രയ്ക്ക് പറ്റിയ ലൈറ്റ് പോലും ഇല്ല .
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു പോലീസ് സ്റ്റേഷനും ഒരേ സമയം 40 പോലീസുകാരും ഉള്ള കനത്ത കാവലുള്ള അണക്കെട്ടിലേക്കുള്ള പഴഞ്ചൻ ബോട്ടും ഒരു ഡ്രൈവറും ജലനിരപ്പുയരുന്നതോടെ ചോദ്യചിഹ്നമായി മാറുന്നു.