ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിർണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
സമീപകാല കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലുമാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്.
കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.
തമിഴ്നാട് അംഗീകരിച്ച റൂൾ കർവ് പ്രകാരം 138 അടിയിൽ ജലനിരപ്പ് ഉയർന്നാൽ തുറന്നു വിടാനും യോഗത്തിൽ ധാരണ ആയിരുന്നു. ഈ മാസം 30 വരെയാണ് ഇത് ബാധകം ആകുന്നത്.