തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളിൽ കനത്ത ജാഗ്രത. ഇന്നു പുലർച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒൻപതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയർന്നത്.
ജലനിരപ്പ് 136 അടിയിലെത്തിയാൽ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷൻ തമിഴ്നാടിനു നൽകിയിരിക്കുന്ന നിർദേശം.
ഇന്നലെ ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോൾ തന്നെ തീരവാസികൾക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ എല്ലാ വില്ലേജ് ഓഫീസുകളിലും ജാഗ്രത നിർദേശങ്ങൾ നൽകി. തീരവാസികളോട് മരുന്നും രേഖകളും മറ്റുമടങ്ങിയ കിറ്റുകൾ തയാറാക്കിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകളും ഒരുക്കി. ഇന്നലെ രാവിലെ എട്ടിന് 130.40 ആയിരുന്നു ജലനിരപ്പ്. രാത്രി എട്ടോടെ ജലനിരപ്പ് 132.60 അടിയിലെത്തി. ഇതിനു പിന്നാലെയും ജലനിരപ്പ് ഉയരുകയായിരുന്നു.
ഇന്നലെ രാത്രി മഴയുടെ ശക്തികുറവായിരുന്നെങ്കിലും അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ് തുടരുന്നത്. ഇന്ന് രാവിലെ മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നുണ്ട്. ശക്തമല്ലെങ്കിലും ഇടവിട്ട് പെയ്യുന്ന മഴയിൽ നീരൊഴുക്ക് വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 135 അടി പിന്നിടും.
മഴ ശക്തിപ്പെട്ടാൽ ജലനിരപ്പ് അതിവേഗം കുതിച്ചുയരുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെ ഡാമിനു താഴെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, പ്രദേശങ്ങളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിലാണ്. അണക്കെട്ട് തുറക്കേണ്ടി വന്നാൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്നാണ് ആശങ്ക.