ഉപ്പുതറ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം തുറന്ന് വിട്ടതോടെ പെരിയാർ തീര ദേശ ജനതതയുടെ സ്വപ്നങ്ങളും ഒലിച്ചുപോയി. പതിനാലിന് 5.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ചപ്പാത്തിനെ വെള്ളത്തിനടിയിലാക്കിയത്. ചപ്പാത്ത് പാലം വെള്ളത്തിനടിയിലായതിന് പിന്നാലെ ഉപ്പുതറ പാലവും വെള്ളം മൂടി.
കഴിഞ്ഞ 13ന് ആറിനാണ് മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുമെന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കലും ദുരിദാശ്വാസ പ്രവർത്തനവുമെല്ലാം വളരെ വേഗത്തിലാണ് നടത്തിയത്. തീരദേശത്ത് 20 ഓളം ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.
2000-ഓളം കുടുംബങ്ങളാണ് അഭയാർഥി ക്യാന്പുകളിൽ കഴിയുന്നത്. 15ന് ഉപ്പുതറ പാലത്തിൽ നിന്നും വെള്ളം ഇറങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ ചപ്പാത്ത് പാലത്തിൽ നിന്നും ഇന്നലെ ഉച്ചകഴിഞ്ഞാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. പത്തോടെ പാലത്തിൽ തടഞ്ഞിരുന്ന മരക്കഷണങ്ങളും മറ്റും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു രണ്ടു മുതൽ ചെറുവാഹനങ്ങൾ ഇതുവഴി കടത്തിവിട്ടു.
മരങ്ങളും ഇല്ലികളും വെട്ടി മാറ്റുന്നതിനിടയിൽ ഒരു അസ്ഥികൂടവും ലഭിച്ചു. ഇത് ജനങ്ങളിൽ ആശങ്ക പരത്തുകയും ചെയ്തു. അസ്ഥികൂടം തിരിച്ചറിയുന്നതിനായി പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചു. ഇരുകാലുകളും കൂട്ടിക്കെട്ടിയ പാടുകൾ അസ്ഥികൂടത്തിൽ ഉണ്ടായിരുന്നു
. ചപ്പാത്തിൽ വെള്ളം കയറിയതോടെ വീടുകളിലെ സാധനങ്ങൾ ഒലിച്ച് പോയി. കടകൾ തകരുകയും സാധനങ്ങൾ എല്ലാം നശിച്ച അവസ്ഥയിലുമാണ്. കടകൾ പുനഃസ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും. പല വ്യാപാര സ്ഥാപനങ്ങളും ഏത് സമയവും തകർന്ന് വീഴുന്ന അവസ്ഥയിലാണ്.
പീരുമേട് മേഖലയിൽ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്. വീണ്ടും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തേണ്ടിവന്നാൽ വെള്ളപ്പൊക്കഭീതി വീണ്ടും തീരവാസികളിൽ ആശങ്കയുയർത്തും.