കുമളി: 1887 സെപ്റ്റംബർ 21. മുല്ലപ്പെരിയാർ അണക്കെട്ടിന് ബ്രിട്ടീഷ് എൻജിനിയർ ജോണ് പെന്നി ക്വിക്ക് ശില പാകിയ ദിനം. ‘മനുഷ്യ നിർമിത വിസ്മയം’ ഈ വാക്കുകൾ മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി അണക്കെട്ട് കമ്മീഷൻ വേളയിൽ പറഞ്ഞതാണ്.
നൂറിലേറെ വർഷങ്ങൾക്കു മുൻപുള്ള വെൻലോക്കിന്റെ വാക്കുകൾ ശരിവച്ച് ഇന്നും മുല്ലപ്പെരിയാർ അണക്കെട്ട് കാലപ്പഴക്കം കൊണ്ടും വിവാദങ്ങൾകൊണ്ടും വിസ്മയമായി നിലകൊള്ളുന്നു. അണക്കെട്ടിന്റെ നിർമാണ ഘട്ടത്തിൽ ബ്രിട്ടീഷ് എൻജിനിയറായിരുന്ന എ.ഡി. മക്കൻസി രചിച്ച ‘ഹിസ്റ്ററി ഓഫ് ദ പെരിയാർ റിവർ പ്രോജക്ട്’ പുസ്തകത്തിൽ അണക്കെട്ടിന് പിന്നിലെ പ്രയത്നങ്ങൾ വിവരിക്കുന്നുണ്ട്.
1886 ഒക്ടോബർ 29ന് തിരുവിതാംകൂർ-മദ്രാസ് ഭരണകർത്താക്കൾ പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലുള്ള സ്ഥലം, വന്യമൃഗങ്ങൾ നിറഞ്ഞ വനം, വിഷപ്പാന്പുകൾ, വർഷത്തിൽ ഭൂരിഭാഗവും തോരാതെ പെയ്യുന്ന മഴ, യാത്രാക്ലേശം, കൂടെ മലന്പനിയും. തടസങ്ങൾ ഒട്ടനവധിയായിരുന്നു. 1887 സെപ്റ്റംബർ 21 ന് പെന്നിക്വിക്ക് പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിന് ആദ്യ കല്ലിട്ടു.
മഴക്കാലത്ത് അവിടെ നിർമിച്ച അടിത്തറ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. അണക്കെട്ടിന്റെ നിർമാണവുമായി മുന്നോട്ട് പോകരുതെന്ന് ബ്രിട്ടീഷ് സർക്കാർ പെന്നി ക്വിക്കിന് ഉത്തരവ് നല്കി. നിരാശനാകാതെ ഇംഗ്ലണ്ടിലേക്ക് പോയ പെന്നി ക്വിക്ക് തന്റെ വീടും വലിയൊരു സ്ഥലവും വിറ്റ് പണം സ്വരൂപിച്ച് ഇന്ത്യയിൽ തിരിച്ചെത്തി. പിന്നെ ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി ഒരു വേനലിന്റെ തുടക്കത്തിൽ ഡാമിന്റെ അടിത്തറ പണിതു.
പിന്നീടുണ്ടായ കാലവർഷം ആ അടിത്തറ തകർത്തില്ല. അതിനുശേഷം ഡാം പണിയാൻ മദ്രാസ് സർക്കാർ ജോണ് പെന്നി ക്വിക്കിനെ പിന്തുണച്ചു.ഇന്ത്യൻ പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എൻജിനിയർ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരൻ എ.വി. രാമലിംഗ അയ്യരും മറ്റൊരു എൻജിനിയർ എഡി മക്കെൻസിയും പെന്നി ക്വിക്കിനൊപ്പം പ്രവർത്തിച്ചു.
എഡി മക്കൻസി എഴുതിയ ‘പെരിയാർ നദി പദ്ധതിയുടെ ചരിത്രം’ എന്ന പുസ്തകത്തിൽ ഡാം നിർമാണത്തെക്കുറിച്ചും ജോണ് പെന്നി ക്വിക്കിന്റ ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുന്നുണ്ട്.പെന്നി ക്വിക്കിന്റെ മനുഷ്യനിർമിത അത്ഭുതം, ഊഷര ഭൂമിക്ക് ദാഹജലം നൽകുന്നതിനുള്ള അദ്ദേഹത്തിന്റ ഉറച്ച തീരുമാനത്തിന്റെ ഇന്നും നിലനിൽക്കുന്ന സ്മാരകമാണ്.
- പ്രസാദ് സ്രാന്പിക്കൽ