ജിജി ലൂക്കോസ്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തുള്ള മരം മുറിക്കുന്നതിനു തമിഴ്നാട് സർക്കാരിനു അനുമതി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി സർക്കാർ.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെതിരേയും ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ. ജോസിനെതിരേയും നടപടിയെടുക്കാനാണ് സർക്കാർ നീക്കം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി ഇരുവരിൽ നിന്നു സർക്കാർ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വനം വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞത്.
അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട നടപടിയായിരുന്നില്ല അത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഗുരുതരമായ വീഴ്ച വരുത്തി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.
ഗുരുതരവീഴ്ച
മരം മുറിക്കാൻ അനുമതി നൽകിയ സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമാക്കേണ്ട വിഷയത്തിൽ അത് മറികടന്നാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തതെന്നും സർക്കാർ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് സർക്കാർ ഇന്നലെ മരവിപ്പിക്കുകയും ചെയ്തിരുന്നു.ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ. ജോസ് കൂടി പങ്കെടുത്ത യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ വിശദീകരിക്കുന്നത്. എന്നാൽ, ഈ വാദങ്ങൾ അംഗീകരിക്കാനാകില്ലെന്നു വനം മന്ത്രി പറയുന്നു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു മരം മുറിക്കാൻ അനുമതി നല്‍കിയത്. വനം വകുപ്പ് മന്ത്രിയോ ജലവിഭവവകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല.
മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും അത്തരത്തിലുള്ള ഒരു പ്രശ്നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്നും മന്ത്രി എകെ ശശീന്ദ്രന് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി അറിഞ്ഞുള്ള നീക്കമെന്ന്
അതേസമയം, കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമാക്കേണ്ട വിഷയത്തിൽ ഉദ്യോഗസ്ഥർ മാത്രമറിഞ്ഞ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി അറിഞ്ഞുള്ള നീക്കമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി മുന്നോട്ടുപോകാനാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അതിനായി നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
മുല്ലപ്പെരിയാറിൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് മന്ത്രി അറിയാതെയാണെന്ന ശശീന്ദ്രന്റെ പ്രതികരണത്തിനു പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എൻസിപി രംഗത്തെത്തിയിരുന്നു.
മന്ത്രിയറിയാതെയാണ് ഉത്തരവ് പുറത്തിറങ്ങിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. മരംമുറിക്കാൻ അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.