സ്വന്തം ലേഖകൻ
കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിൽ സുപ്രീംകോടതി അനുവദിച്ചതിൽ കൂടുതൽ ജലം സംഭരിച്ചുനിർത്തുകയും ജലനിരപ്പിന്റെ യഥാർഥ സ്ഥിതി മറച്ചുവയ്ക്കുകയും ചെയ്ത തമിഴ്നാടിന്റെ നടപടിയിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്നു. അണക്കെട്ടിൽ 144 അടിയോളം വെള്ളം സംഭരിക്കുകയും മുന്നറിയിപ്പു കൂടാതെ കേരളത്തെ പ്രളയത്തിലാക്കി ഡാം തുറന്നു വിടുകയും ചെയ്തത് ഇന്നലെ തെളിവു സഹിതം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനോടു പ്രതികരിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടമോ സംസ്ഥാന സർക്കാരോ തയാറായിട്ടില്ല.ഡാമിൽ പരിധി ലംഘിച്ചു ജലം ശേഖരിച്ചതും തോന്നിയപടി സ്പിൽവേ ഷട്ടറുകൾ തുറന്നു വച്ചതുമൊക്കെ ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് യഥാസമയം കേരളത്തിന്റെ ഭരണാധികാരികളെ അറിയിച്ചിട്ടുള്ളതായാണു പുറത്തുവരുന്ന വിവരം. ഇടുക്കി ജില്ലാ പോലീസ് ചീഫിനാണ് വിവരങ്ങൾ ആദ്യം കൈമാറുന്നത്.
അദ്ദേഹം ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട മറ്റ് ഉന്നതർക്കും വിവരം കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് 14നു പെയ്തിറങ്ങിയ പെരുമഴയിൽ കുത്തൊഴുക്കാണ് ഡാമിലേക്കുണ്ടായത്. 142 അടിവരെ വെള്ളം സംഭരിച്ചു കേമത്തം കാണിക്കാനിരുന്ന തമിഴ്നാടിന്റെ എല്ലാ കണക്കുകൂട്ടലുകളും ഈ പെരുമഴ തെറ്റിച്ചു. തമിഴ്നാട് പ്രതീക്ഷിച്ചതിനേക്കാൾ വേഗം വെള്ളം കുതിച്ചുയർന്നു. ഇതോടെ ഡാമിലെ ജലനിരപ്പ്, ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ്, ഷട്ടർ തുറന്നതിന്റെ വിവരം, പെരിയാറിലേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് എന്നിവയുടെ യാഥാർഥ്യം പുറത്തുവിടാതെ കള്ളക്കണക്കുണ്ടാക്കി അവർ കേരളത്തിനു നൽകുകയായിരുന്നു.
തമിഴ്നാട് നൽകുന്ന കണക്ക് വെള്ളംതൊടാതെ വിഴുങ്ങുക മാത്രമാണ് പലപ്പോഴും കേരളത്തിലെ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഡാമിലെ ജലനിരപ്പ് അറിയാനുള്ള യാതൊരു സംവിധാനവും കേരളത്തിനില്ല. ഉണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും എവിടെയാണ് വാട്ടർ ലെവൽ റീഡിംഗ് യന്ത്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ഇവർ വ്യക്തമാക്കുന്നില്ല.
കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കുറച്ചു നിർത്തണമെന്നു കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, 142 അടിവരെയാകാം എന്ന സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ പരമാവധി ജലം സംഭരിച്ചു നിർത്തി കേരളത്തെ വെല്ലുവിളിക്കാനുള്ള ശ്രമമാണ് ഇത്തവണയും തമിഴ്നാട് നടത്തിയത്.
കേരളത്തിൽ മഴ ശക്തമാകുകയും ഡാമിൽ ജലനിരപ്പ് ഉയരുകയും ചെയ്തപ്പോൾ തമിഴ്നാടിനു കൂടുതൽ വെള്ളം കൊണ്ടുപോകാമായിരുന്നു. 140 അടിയിലേക്കു വെള്ളം കുതിച്ചുയർന്നപ്പോഴെങ്കിലും സ്പിൽവേ തുറക്കാമായിരുന്നു. ഇതിനു തമിഴ്നാട് തയാറാകാതെ വന്നതോടെയാണ് ജലനിരപ്പ് 144 അടിയിലേക്കു കുതിച്ചുയർന്നത്.
ഇതോടെ പകച്ചുപോയ തമിഴ്നാട് ഉദ്യോഗസ്ഥർ സ്പിൽവേ ഷട്ടറുകൾ തോന്നിയപടി തുറക്കുകയായിരുന്നു. ഇതുവഴി വെള്ളം കുതിച്ചൊഴുകി എത്തിയപ്പോൾ ഇടുക്കി സംഭ രണിയുടെ ചെറുതോണിയിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവന്നു. ഇതിനെതിരേ നടപടി സ്വീകരിക്കാതെ തമിഴ്നാടിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അറിയാനുള്ള സംവിധാനം കേരളത്തിനും വേണ്ടതാണ്. ഇത് ഇനിയും ഇല്ലാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇന്നലെ കേരളത്തിന്റെ ഒരു ഇറിഗേഷൻ ഉദ്യോഗസ്ഥൻ രാഷ്ട്ര ദീപിക ലേഖകനെ ഫോണിൽ ബന്ധപ്പെട്ടു ജലനിരപ്പ് സംബന്ധിച്ചു ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞു. ഇവരുടെ പക്കൽ ഇതുസംബന്ധിച്ചു യാതൊരു വിവരങ്ങളും രേഖകളും ഇല്ലെന്നതിന്റെ സൂചനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.