ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളം പ്രളയഭീതിയിൽ വിറങ്ങലിച്ചു നില്ക്കുന്പോൾ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും സുപ്രീംകോടതിയിൽ സജീവമാകുന്നു.
ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനങ്ങളും കേരളത്തിന്റെ മലയോരമേഖലകളിൽ ഭീതി ജനിപ്പിക്കുന്പോൾ നിർമാതാക്കൾ വെറും അറുപതു വർഷത്തെ ആയുസ് കൽപ്പിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 126 വർഷങ്ങൾ കഴിഞ്ഞത് ആശങ്കയോടെയാണ് മലയാളി നോക്കിക്കാണുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി 25 നു വീണ്ടും പരിഗണിക്കും.
കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയിട്ടുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
ഇതിനിടെ കേരളത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പായ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്ന വിധത്തിലാണ് റൂൾ കർവ് അംഗീകരിച്ചിരിക്കുന്നത്.
ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ധാരണ ആയെങ്കിലും ഇതിൽ കൃത്യമായൊരു നിർദേശം ജല കമ്മീഷൻ മുന്നോട്ടുവച്ചിട്ടില്ല.
ഡോ.ജോ ജോസഫ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ ഡാമിന് റൂൾ കർവ്, ഷട്ടർ പ്രവർത്തന മാർഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീം കോടതി മാർച്ച് 16നാണ് ഉത്തരവിട്ടത്.
കോവിഡ് അടച്ചിടൽമൂലം കേസ് പല തവണ മാറ്റി വച്ചു. കഴിഞ്ഞ ദിവസം കേസ് എടുത്തെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതി ഒരാഴ്ചകൂടി ആവശ്യപ്പെട്ടതോടെയാണ് കേസ് 25ലേക്ക് മാറ്റിയത്.
ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജല കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 425 പേജുള്ളതാണ് റിപ്പോർട്ട്.
പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ പത്തു ദിവസവും നിലനിർത്താവുന്ന പരമാവധി ജലനിരപ്പാണ് റൂൾ കർവ്. ജലനിരപ്പ് ഇതിലും കൂടിയാൽ വെള്ളം തുറന്നു വിടേണ്ടിവരും.
2014ലെ സുപ്രീം കോടതി വിധിയിൽ നിർബന്ധമായും ചെയ്യണമെന്ന് പറഞ്ഞ കാര്യങ്ങൾ ഇതുവരെയും തമിഴ്നാട് ചെയ്തിട്ടില്ലാത്തതിനാൽ പാട്ടക്കരാർ റദ്ദാക്കാനുള്ള അവകാശം കേരളത്തിനുണ്ട്.
ജലനിരപ്പ് 142 അടി നിജപ്പെടുത്തിയപ്പോൾ അടിയന്തരമായി ടണൽ ഉൾപ്പെടെ നിർമിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നു തമിഴ്നാടിനോടു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഇതുൾപ്പെടെ ആറുനിർദേശങ്ങൾ പാലിക്കാൻ തമിഴ്നാട് തയാറായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സർക്കാരിന് നിവേദനം നൽകിയിരുന്നു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു സേവ് കേരള ബ്രിഗേഡ് അഡ്വ.റസൽ ജോയിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്നാണ് ഇവർ വാദിക്കുന്നത്.
നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്നത്.
ജലനിരപ്പ് 130 അടിയാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഏജൻസിയെ നിയോഗിച്ച് അണക്കെട്ടിന്റെ ബല പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നു.