കേരളത്തിലെങ്ങും മഴ തകര്‍ത്തു പെയ്യുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വലിയതോതില്‍ ഉയരുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറായി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയാണെന്നാണ് തമിഴ്നാട് അധികൃതര്‍ പറയുന്നത്. ഈ കണക്കുകള്‍ മാത്രമാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്.
നിലവില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 28,000 ഘടനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 2,300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു. 10,000 ഘനയടി വെള്ളം മാത്രമാണ് സ്പില്‍വേയിലൂടെ ഒഴുക്കി കളയുന്നത്.
ഇതു തമിഴ്നാട് നല്കുന്ന വിവരമാണ്. ഈ കണക്കുകള്‍ വച്ചു നോക്കിയാല്‍ തന്നെ ഡാമില്‍ നിന്ന് പുറംന്തള്ളുന്നതിനേക്കാള് ജലം അണക്കെട്ടിലേക്ക് വരുന്നുണ്ടെന്ന് വ്യക്തം. എന്നിട്ടും പരമാവധി സംഭരണശേഷിയില്‍ മാത്രമാണ് ജലനിരപ്പെന്നാണ് തമിഴ്നാട് അധികൃതര്‍ വാദിക്കുന്നത്.
കുമളിയിലുള്ള ദീപിക റിപ്പോര്‍ട്ടര്‍ക്ക് കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 145 അടിയിലേറെയാണ്. തമിഴ്നാട് പുറത്തുവിട്ട കണക്കുകളിലേക്കാള് കൂടുതല്‍ ജലം ഒഴുകിയെത്തുന്നുമുണ്ട്.
സെക്കന്‍ഡില്‍ 30,000 ഘനയടിയിലേറെ ജലം ഒഴുകിയെത്തുന്നതായാണ് റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയും ഉരുള്പൊട്ടലുമുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ ദീപികയോട് പറഞ്ഞു.