കോട്ടയം: കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ കുറഞ്ഞെങ്കിലും പൂക്കൾക്ക് തൊട്ടാൽ പൊള്ളുന്ന വില. മുല്ലപ്പൂവിനു പൊന്നും വിലയായി. ഇന്നലെ കോട്ടയം ടൗണിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 1200 രൂപയാണ് വില.
കൂടുതൽ കല്യാണ മുഹൂർത്തമുള്ള ദിനങ്ങളിൽ മുല്ലപ്പൂവിനു വില കൂടും. മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 800 രൂപവരെ വിലയുണ്ട്.
മുഹൂർത്ത ദിനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്താണു പൂവ് ലഭ്യമാക്കുന്നത്. ഒരു മുഴം പൂവിന് 10 രൂപയുണ്ടായിരുന്നത് 40- 50 രൂപയായി ഉയർന്നിട്ടുണ്ട്. വില ഗണ്യമായി കൂടിയതോടെ മുഴം കണക്കില്‍ പൂ വിൽപനയും ഇല്ലാതായി.
ആശ്രയം ഇതര സംസ്ഥാനങ്ങൾ
കേരളത്തിൽ മുല്ലക്കൃഷി കുറവായതിനാൽ പൂക്കൾ ചൂടണമെങ്കിൽ ഇതര സംസ്ഥാനങ്ങളെ പൂർണമായി ആശ്രയിക്കണം. തമിഴ്നാട്ടിലെ മധുര,തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മധ്യ കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്.
കോയന്പത്തൂർ, സത്യമംഗലം, സേലം, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നും പൂക്കൾ എത്തുന്നുണ്ട. പ്രതികൂല കാലാവസ്ഥയെ തുടർന്നു ഉൽപാദനം കുറഞ്ഞതാണു മുല്ലപ്പൂ വില വർധിക്കാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
മുല്ലപ്പൂവിനൊപ്പം അരളി, ചെണ്ടുമല്ലി, ലില്ലി, റോസ്, താമര എന്നിവയ്ക്കും വില ഉയർ്ന്നിട്ടുണ്ട്.സത്യമംഗലം,ഹൊസൂർ ,ബെംഗുളുരു എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന റോസാപ്പൂക്കൾക്കും ഒറ്റയടിക്ക് വില വർധനവുണ്ടായി.
കല്യാണത്തിനു മാത്രമല്ല സുന്ദരമായ റീത്ത് വയ്ക്കാനും ചെലവ് വർധിക്കുമെന്ന് അവസഥയിലാണ് പൂവില കൂടുന്നത്.