എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെയുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം.
മന്ത്രി കെ.കെ. ഷൈലജ നിപ്പാ രാജകുമാരിയും കോവിഡ് റാണിയുമെന്ന മുല്ലപ്പള്ളിയുടെ പരാമർശം അനുചിതവും അനവസരത്തിലുള്ളതുമാണെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്കടക്കമുള്ളത്. മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ അടക്കം ഉയർന്നിരിക്കുന്നത്.
ഇതിനു മറുപടി പറയാനാകാതെ വിയർക്കുകയാണ് കോൺഗ്രസ് നേതൃത്വം. മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കളാരും തയ്യാറാകുന്നില്ല.
എന്തുകൊണ്ട് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയെന്ന വിശദീകരണത്തിനായി മുല്ലപ്പള്ളി രാമചന്ദ്രനെ ബന്ധപ്പെടാൻ ശ്രമിക്കുന്പോൾ അദ്ദേഹം ഫോൺ എടുക്കാതെയും സ്വിച്ച് ഓഫ് ചെയ്തും ഒഴിഞ്ഞു മാറുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എം.സുധീരൻ, മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയും കോൺഗ്രസിലെ ഏക വനിത എംഎൽഎയുമായ ഷാനിമോൾ ഉസ്മാനടക്കം ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകുന്നില്ല.
ഫോണെടുത്ത നേതാക്കളാകട്ടെ ഈ വിഷയത്തിൽ തത്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ മന്ത്രിയെ അപഹസിക്കുന്ന തരത്തിലായിപ്പോയി മുല്ലപ്പള്ളിയുടെ പരാമർശമെന്ന പൊതു വികാരം തന്നെയാണ് കോൺഗ്രസിനുള്ളിൽ ഉള്ളത്.
പല വിഷയങ്ങളിലും പരസ്യ പ്രതിഷേധത്തിലുള്ള പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാക്കുന്ന പരാമർശം കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തു നിന്നു തന്നെ ആയിപ്പോയതാണ് കോൺഗ്രസും യുഡിഎഫും നേരിടുന്ന പ്രതിസന്ധി.
മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന വികാരം പല ഘടകകക്ഷി നേതാക്കളും മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഇതിനകം അറിയിച്ചു കഴിഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ സർക്കാരിനെതിരെ പരസ്യപ്രതിഷേധത്തിൽ നിൽക്കുന്ന മുസ്ലീംലീഗിനെപ്പോലും മുല്ലപ്പള്ളിയുടെ പരാമർശം ചൊടിപ്പിച്ചിരിക്കുകയാണ്.
മുല്ലപ്പള്ളി മാപ്പു പറയണമെന്ന ആവശ്യം വലിയ തോതിൽ പൊതു സമൂഹത്തിൽ നിന്നു ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഇതിൽ നിന്ന് തലയൂരാമെന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ. ഇക്കാര്യത്തിൽ ഇനിയും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറി നിൽക്കാൻ മുല്ലപ്പള്ളി അടക്കമുള്ള കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്ക് കഴിയില്ല.
വനിതാ സംഘടനകളടക്കം ഇതിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിൽ മുല്ലപ്പള്ളിയുടെ പ്രതികരണമാണ് ഏവരും ഇപ്പോൾ ഉറ്റു നോക്കുന്നത്.