പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നടത്തുന്ന രഥയാത്ര ആപത്കരമായ നീക്കമാണെന്നും മുമ്പ് എൽ. കെ. അഡ്വാനി അയോധ്യ വിഷയത്തിൽ നടത്തിയ യാത്രയ്ക്കു സമാനമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹിംസയുടെ രാഷ്ട്രീയമാണ് പിണറായി വിജയനും ശ്രീധരൻപിള്ളയും പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമുയർത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന പ്രചാരണയാത്ര കോങ്ങാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. ബിജെപിയും സിപിഎമ്മും ശബരിമല വിഷയത്തെ രാഷ്ട്രീയ ധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. ഇരുകൂട്ടരും രാജ്യത്തെ വിശ്വാസികളെ വഞ്ചിക്കുകയാണ്.
കോണ്‍ഗ്രസിന്റേതു മതനിരപേക്ഷ നിലപാടാണ്. ശബരിമല വിഷയത്തിലും മറ്റു രാഷ്ട്രീയകാര്യങ്ങളിലും ബിജെപിയും സിപിഎമ്മും ഒളിച്ചുകളി നടത്തിയതുപോലെ ഒരു രാഷ്ട്രീയകക്ഷിയും കേരളത്തിൽ നടത്തിയിട്ടില്ല. ആചാരനുഷ്ഠാനങ്ങൾ മാറ്റാൻ തയാറുണ്ടെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നല്കാൻ ഓർഡിനൻസ് ഇറക്കണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിണറായി വിജയനു തന്റെ നിഴലിനെപ്പോലും ഭയമാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ പതിമൂന്ന് രാഷ്ട്രീയ കക്ഷികളുമായി കൈകോർത്തവരാണ് സിപിഎം. നവോത്ഥാന പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതിൽ സിപിഎമ്മിന് എന്തു പങ്കാണുള്ളത്. ചരിത്രം പഠിക്കാൻ മുഖ്യമന്ത്രി തയാറാവണം.
നെയ്യാറ്റിൻകരയിൽ വാഹനത്തിനു മുന്നിലേക്കു ഡിവൈഎസ്പി യുവാവിനെ തള്ളിയിട്ടുകൊന്ന കേസിൽ അന്വേഷണം ആരെയാണ് ഏല്പിച്ചത് എന്നത് പിണറായിയുടെ പോലീസിന്റെ നയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ. ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു. അജയ് തറയിൽ, ലതിക സുഭാഷ്, ഷാഫി പറമ്പിൽ എംഎൽഎ, വി.എസ്. വിജയരാഘവൻ, സി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.